News - 2025
മധ്യാഫ്രിക്കയിലെ രക്ത ചൊരിച്ചിലിന് ശമനമില്ല; ഒരു വെെദികൻ കൂടി കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 21-11-2018 - Wednesday
ബാന്‍ഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ തുടരുന്ന രക്തരൂക്ഷിത അക്രമങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയിലെ ഒരംഗവും, ഒരു വെെദികനും കൊല്ലപ്പെട്ടു. യുഎന്നും കത്തോലിക്ക സഭയുമാണ് ഈ വാർത്ത പുറംലോകത്തെ അറിയിച്ചത്. പല വിഭാഗങ്ങളും, ഉപ വിഭാഗങ്ങളും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ അടുത്ത ദിവസങ്ങളിലായി നാൽപതോളം ആളുകൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഗാംബിയ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന യു.എൻ സൈനികത്താവളത്തിനു നേരെ നടന്ന ആക്രമണത്തിലാണ് സെെനികനു തന്റെ ജീവൻ നഷ്ടപ്പെട്ടത്. സെെനിക താവളത്തിനു നേരേ നടന്ന ആക്രമണം നാൽപ്പത്തഞ്ചു മിനിറ്റോളം നീണ്ടു നിന്നുവെന്ന്‍ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കലാപത്തിൽ കൊല്ലപ്പെട്ട വെെദികന്റെ മൃതശരീരം അലിൻ ഡായോ നഗരത്തിൽ വച്ച് കണ്ടെത്തി. ഈ വര്‍ഷം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അഞ്ചു വൈദികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുഎന്നിന്റെ കണക്ക് അനുസരിച്ച് ഇരുപതിനായിരത്തോളം ആളുകളെ കലാപം നേരിട്ട് ബാധിച്ചിട്ടുണ്ട്. ആയിരങ്ങളാണ് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്. 2013-ൽ ഫ്രാൻസഗോയിസ് ബോത്തിതെ എന്ന ക്രിസ്തീയ വിശ്വാസിയായ പ്രസിഡന്റിനെ ചില തീവ്ര മുസ്ലീം വിഭാഗക്കാർ താഴെ ഇറക്കിയത് മുതലാണ് രാജ്യത്ത് കലാപങ്ങളുടെ ആരംഭം. രാജ്യത്തെ ചെറിയ ഒരു ശതമാനം ഭൂപ്രദേശം മാത്രമേ ഇന്നു സർക്കാരിന്റെ കെെയിൽ ഉള്ളു. 80% ക്രൈസ്തവരുള്ള സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ റിബല്‍ സംഘടനകള്‍ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.