Faith And Reason - 2024
ജോണിന്റെ ജീവ ത്യാഗത്തില്‍ ശിരസ്സ് നമിച്ച് ക്രൈസ്തവ ലോകം
സ്വന്തം ലേഖകന്‍ 23-11-2018 - Friday
ന്യൂയോര്‍ക്ക്: 'എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്' എന്ന വിശുദ്ധ പൌലോസ് ശ്ലീഹായുടെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തി ആൻഡമാൻ നിക്കോബാർ ദ്വീപില്‍ രക്തസാക്ഷിത്വം വരിച്ച അമേരിക്കന്‍ മിഷ്ണറിയുടെ ജീവ ത്യാഗത്തിനു മുന്നില്‍ ശിരസ്സ് നമിച്ച് ക്രൈസ്തവ ലോകം. ആൻഡമാൻ ദ്വീപുകളിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ യേശുവിനെ അറിയിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോൺ അലൻ ചൗ എന്ന ഇരൂപത്തിയേഴുകാരന്‍ രക്തസാക്ഷിത്വം വരിച്ചത്. തീരത്തിറങ്ങിയ അലനു നേർക്ക് അമ്പുകൾ പാഞ്ഞു വന്നിട്ടും ധീരതയോടെ അലന്‍ മുന്നോട്ട് നടന്നതായി ദൃക്സാക്ഷികളായ മത്സ്യ തൊഴിലാളികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അവസാനമായി അമ്മയ്ക്കെഴുതിയ കുറിപ്പില്‍ യേശുവിലുള്ള തന്റെ ആഴമായ വിശ്വാസം ഹൃദയ സ്പര്‍ശിയായ വിധത്തില്‍ ജോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ സംസാരിക്കാന്‍ ശ്രമിക്കുകയും സ്തുതി ഗീതം പാടാന്‍ ആരംഭിക്കുകയും ചെയ്തതോടെ മുഖത്ത് മഞ്ഞ ചായം പുരട്ടിയ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷന്മാര്‍ തന്നെ ആക്രമിക്കാന്‍ വന്നു. ''എന്‍റെ പേര് ജോണ്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ക്രിസ്തുവും നിങ്ങളെ ഇഷ്ടപ്പെടുന്നു" ഇതാണ് ജോണ്‍ അവരോടു പറഞ്ഞത്. ''എനിക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ ഈ ആളുകള്‍ക്ക് ക്രിസ്തുവിനെ കുറിച്ച് അറിയിക്കുന്നത് വിലയേറിയ പ്രവര്‍ത്തിയാണെന്ന് ഞാന്‍ കരുതുന്നു'' എന്ന് ആവര്‍ത്തിച്ച് ജോണ്‍ മരണത്തിലേക്ക്, അല്ല- നിത്യതയിലേക്ക് നടക്കുകയായിരുന്നു.
ദ്വീപ് നിവാസികളോട് ക്ഷമിക്കുന്നതായും പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന സെന്റീനല്‍ ദ്വീപുവാസികളോട് ചൗവിന് സ്‌നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ചൗവിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ കുറിച്ചു. അതേസമയം യേശുവിനെ അറിയാത്ത അനേകര്‍ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ ജോൺ അലന്‍റെ മരണ വാര്‍ത്തയില്‍ പരിഹാസത്തിന്റെ അസ്ത്രങ്ങള്‍ പായിക്കുകയാണ്. അവര്‍ അറിയുന്നില്ല, ക്രൈസ്തവ വിശ്വാസം ലോകത്ത് അഗ്നിയായി പടര്‍ന്ന ചരിത്ര യാഥാര്‍ത്ഥ്യം. ജോണിന്റെ രക്തതുള്ളികള്‍ ആന്‍ഡമാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പുതുചരിത്രം രചിക്കുമെന്ന് സോഷ്യല്‍ മീഡിയായില്‍ ഏറ്റുപറയുകയാണ് അനേകം വിശ്വാസികള്‍.