Life In Christ
ഈ ബിഷപ്പ്സ് ഹൗസിന് മുന്നിലെത്തുന്ന പാവങ്ങളുടെ വയര്‍ മാത്രമല്ല, മനസ്സും നിറയും
സ്വന്തം ലേഖകന്‍ 27-11-2018 - Tuesday
കൊച്ചി: തെലുങ്കാനയിലെ സീറോ മലബാര്‍ മിഷന്‍ രൂപതയായ അദിലാബാദിന്റെ ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ ഉച്ചക്ക് എത്തുന്ന പാവങ്ങള്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയായി സന്തോഷത്തിന്റെ നിമിഷങ്ങളാണ്. വയറു നിറച്ചു ആഹാരവും അതിനു അപ്പുറവും സ്നേഹവും പരിഗണനയുമാണ് എല്ലാവരാലും അവഗണിക്കപ്പെട്ട പാവങ്ങള്‍ക്ക് ഇവിടെ നിന്നു ലഭിക്കുന്നത്.
പിന്നോക്ക മേഖലകളിലെ ഗ്രാമങ്ങളില്‍നിന്നു നൂറുകണക്കിനാളുകളാണു മഞ്ചിരിയാല്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബിഷപ്‌സ് ഹൗസിന് സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്നത്. വരുമാനമോ നീക്കിബാക്കിയോ ഒന്നും ഇല്ലാത്ത രോഗികള്‍ക്കും അവരുടെ ഒപ്പം എത്തുന്ന പാവങ്ങളും ഒരു നേരത്തെ ആഹാരത്തിനായി ബിഷപ്പ്സ് ഹൌസില്‍ എത്തുവാന്‍ ആരംഭിച്ചതോടെയാണ് എല്ലാ ദിവസവും പാവങ്ങള്‍ക്ക് ആഹാരം നല്‍കണമെന്ന കാര്യം ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനും സഹവൈദികരും ചര്‍ച്ച ചെയ്തത്. വൈകിയില്ല. അത് ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
കഴിഞ്ഞ 15നു ആരംഭിച്ച പ്രതിദിന ഭക്ഷണ വിതരണത്തില്‍ ഓരോ ദിവസവും അന്‍പതോളം പാവങ്ങളാണ് ആഹാരം കഴിച്ചു നിറഞ്ഞ ഹൃദയത്തോടെ മടങ്ങുന്നത്. ഇവര്‍ക്ക് വിളമ്പുവാനും ഒപ്പം ആഹാരം കഴിക്കുവാനും ബിഷപ്പും, ഹൌസിലെ മറ്റ് വൈദികരും ജീവനക്കാരും ഉണ്ടെന്നത് ശ്രദ്ധേയമാണ്. അതേ, കൂട്ടായ്മയുടെ സ്നേഹമാണ് അവിടെ പങ്കുവെയ്ക്കപ്പെടുന്നത്. ഭക്ഷണവിതരണം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ പൊതുസമൂഹത്തിന്‍റെ ശ്രദ്ധ നേടിയിരിക്കുകയാണ്. തെലുങ്കാനയിലെ നിര്‍ധനരേയും അവഗണിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്ന അദിലാബാദ് രൂപത കാരുണ്യത്തിന്റെ സുവിശേഷം വീണ്ടും പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്.