News - 2024

സ്മാര്‍ട്ട്‌ ഫോണിലൂടെ ദൈവ വചനം പഠിപ്പിച്ച് കൊറിയന്‍ സഭ

സ്വന്തം ലേഖകന്‍ 01-12-2018 - Saturday

സിയോള്‍: വിശ്വാസികളെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപത ഓണ്‍ലൈന്‍ ബൈബിള്‍ പഠന ചാനല്‍ ആരംഭിച്ചു. സിയോളിലെ കര്‍ദ്ദിനാളായ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങിന്റെ നിര്‍ദ്ദേശപ്രകാരം നവംബര്‍ 24-നായിരുന്നു ഓണ്‍ലൈന്‍ ബൈബിള്‍ ചാനലിന് ആരംഭം കുറിച്ചത്. നിരവധി പേര്‍ ബൈബിള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അതിനു വേണ്ട സമയം കണ്ടെത്തുക അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ യൂട്യൂബ് ബൈബിള്‍ ചാനല്‍ ആരംഭിച്ചിരിക്കുന്നതെന്നും അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. മത്തിയാസ് ഹുര്‍ യോങ്ങ്-യുപ് പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെ മൂന്ന് വൈദികരാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കുറഞ്ഞ സമയം കൊണ്ട് രസകരമായ രീതിയില്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയിലാണ് ബൈബിള്‍ ക്ലാസ്സുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫാ. മത്തിയാസ് ഹുര്‍ യോങ്ങ്-യുപ് “കസ്റ്റം ഇന്‍ ദി ബൈബിള്‍” എന്നതിനെക്കുറിച്ചും, അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ വൈസ് ഡയറക്ടര്‍ ഫാ. പീറ്റര്‍ ഹ്വാങ്ങ് ജുങ്ങ്-ഹൊ 'പുറപ്പാട്' പുസ്തകത്തെക്കുറിച്ചും, അതിരൂപത കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി അണ്ടര്‍ സെക്രട്ടറി ഫാ. തോമസ്‌ ലീ ഡോ-ഹിയങ്ങ്‌ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തെക്കുറിച്ചുമുള്ള ക്ലാസ്സുകളാണ് നയിക്കുക.


Related Articles »