India - 2025

വെള്ളാപ്പള്ളിയുടെ പ്രസ്താവന വിഭാഗീയത വളര്‍ത്താന്‍: കെ‌ആര്‍‌എല്‍‌സി‌സി

സ്വന്തം ലേഖകന്‍ 17-12-2018 - Monday

കൊച്ചി : കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിഭാഗീയത വളര്‍ത്താനാണ് ഉപകരിക്കുന്നതെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പ്രസ്താവിച്ചു. സമൂഹത്തിന്റെ അപരിഷ്‌കൃതത്വത്തെയും ഇരുണ്ട മേഖലകളെയും തിരിച്ചറിഞ്ഞ് അതിനെക്കുറിച്ചു ബോധവാന്മാരല്ലാതിരുന്ന ജനതയെ ജാഗ്രതയോടുകൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും മാറ്റത്തിന്റെ കൊടികള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തവരാണ് നവോഥാന നായകര്‍. ഈ നവോത്ഥാന നായകര്‍ എല്ലാ സമുദായങ്ങളിലും വിഭാഗങ്ങളിലുമുണ്ട്. അവരെ തിരസ്‌കരിക്കുന്നതും വിലകുറച്ച് കാണുന്നതും ദൗര്‍ഭാഗ്യകരമാണ്.

എസ്എന്‍ഡിപി യോഗം ആരംഭിക്കുന്നതിനു 300 വര്‍ഷം മുന്‍പ് ഉദയംപേരൂര്‍ സുനഹദോസിലൂടെ അയിത്തത്തിനെതിരെയും വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും നിലകൊണ്ട ചരിത്രം ക്രൈസ്തവസഭയ്ക്കുണ്ട്. പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കളോടൊപ്പം പെണ്‍മക്കള്‍ക്കും തുല്യ അവകാശം നല്കണം, സ്ത്രീകള്‍ വസ്ത്രം ധരിക്കണം, ബഹുഭാര്യാത്വം പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പതിനാറാം നൂറ്റാണ്ടില്‍ ക്രൈസ്തവസഭ ഉദയംപേരൂര്‍ സൂനഹദോസിലൂടെ പഠിപ്പിച്ചു. 160 വര്‍ഷങ്ങള്‍ക്കുമുന്‍പ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ പൊതുപള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് സാമൂഹ്യവിദ്യാഭ്യാസത്തിന് അടിത്തറ പാകിയതും ക്രൈസ്തവസമൂഹമാണ്. തിരുവിതാംകൂര്‍ ഭരണത്തിലെ പങ്കാളിത്തത്തിനുവേണ്ടി ഈഴവ – നായര്‍ – മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ യോജിച്ചു നടത്തിയ മുന്നേറ്റമാണ് മലയാളി മെമ്മോറിയല്‍.

ഇത്തരം കാര്യങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍ക്കൊള്ളണം. ദേശീയപ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും പൗരസമത്വപ്രക്ഷോഭത്തിലും നിവര്‍ത്തന പ്രക്ഷോഭത്തിലും ക്രൈസ്തവ സംഘടനകള്‍ സജീവമായി നിലകൊണ്ടു. നവോത്ഥാന മതിലിന്റെ പേരില്‍ കേരള സമൂഹത്തില്‍ കൂടുതല്‍ ജാതിചിന്തകള്‍ വളര്‍ത്തുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതും ശരിയല്ല. സംസ്ഥാനസര്‍ക്കാര്‍ ഇത്തരം നീക്കങ്ങളെ തിരുത്തണം. നവോത്ഥാനമതിലിന്റെ സംഘാടകസമിതി ചെയര്‍മാന്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ഷാജിജോര്‍ജ് ആവശ്യപ്പെട്ടു.


Related Articles »