India - 2024

സീറോ മലബാര്‍ സഭ സാമൂഹ്യസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 06-01-2019 - Sunday

കൊച്ചി: സീറോ മലബാര്‍ സഭ സോഷ്യല്‍ ഡെവലപ്‌മെന്റ് നെറ്റ് വര്‍ക്ക് (സ്പന്ദന്‍) ഏര്‍പ്പെടുത്തിയ സാമൂഹ്യസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രൂപത വൈദികരുടെ വിഭാഗത്തില്‍ ഫാ. വര്‍ഗീസ് ആലുംചുവട്ടില്‍ (ഗോരഖ്പുര്‍ രൂപത), സന്യസ്തരുടെ വിഭാഗത്തില്‍ സിസ്റ്റര്‍ അഡ്വ. സുമ ജോസ് (എസ്ഡി സന്യാസിനി സമൂഹം), അല്‍മായവിഭാഗത്തില്‍ യു.സി. പൗലോസ് (ബല്‍ത്തങ്ങാടി) എന്നിവരാണ് അര്‍ഹരായത്. അര ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണു പുരസ്‌കാരങ്ങള്‍. സീറോ മലബാര്‍ സഭയിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നെറ്റ് വര്‍ക്കിംഗും ഊര്‍ജിതമാക്കുന്നതിനു സഭയുടെ സിനഡ് രൂപം നല്‍കിയ 'സ്പന്ദന്റെ' പ്രഥമ പുരസ്‌കാരമാണിത്.

ഗോരഖ്പുരിലെ സാമൂഹ്യസേവനരംഗത്തു സജീവസാന്നിധ്യമായ പൂര്‍വാഞ്ചല്‍ ഗ്രാമീണ്‍ സേവാസമിതി ഡയറക്ടറാണു ഫാ. വര്‍ഗീസ് ആലുംചുവട്ടില്‍. പാവപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനും നിയമസഹായത്തിനുമായി ന്യൂഡല്‍ഹി കേന്ദ്രമാക്കിയാണു സിസ്റ്റര്‍ അഡ്വ. സുമ ജോസിന്റെ പ്രവര്‍ത്തനം. യു.സി. പൗലോസ് ബല്‍ത്തങ്ങാടിയില്‍ വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. സഭയിലെ സാമൂഹ്യ ശുശ്രൂഷകരെ ആദരിക്കുന്നതിനു ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പങ്കാളിത്തത്തോടെയാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിലും വിദേശത്തുമായി സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരില്‍നിന്നാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സീറോ മലബാര്‍ ബിഷപ്‌സ് കമ്മിറ്റി നിയോഗിച്ച വിദഗ്ധരുടെ ജൂറിയാണു സിനഡിന്റെ അംഗീകാരത്തോടെ പുരസ്‌കാരനിര്‍ണയം നടത്തിയത്. സീറോ മലബാര്‍ സിനഡിനോടനുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 17നു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

More Archives >>

Page 1 of 215