Life In Christ - 2024

ജോലി സ്ഥലത്ത് ക്രിസ്തുവിന് സാക്ഷ്യം നൽകി സിംഗപ്പൂരിലെ ബിസിനസുകാർ

സ്വന്തം ലേഖകന്‍ 10-01-2019 - Thursday

സിംഗപ്പൂര്‍ സിറ്റി: തങ്ങളുടെ ജോലി സ്ഥലങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകികൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് സിംഗപൂരിലെ കത്തോലിക്ക ബിസിനസുകാരുടെ സംഘടനയായ കാത്തലിക്ക് ബിസിനസ് നെറ്റ്‌വർക്കിലെ അംഗങ്ങൾ. രണ്ടായിരത്തിയെട്ടിൽ രജിസ്റ്റർ ചെയ്ത സംഘടന, സമുദായത്തിന് സേവനം ചെയ്യാൻ തയ്യാറാകുന്ന കത്തോലിക്കാ വിശ്വാസികളെ ഒരുമിച്ചുചേർത്ത് അവരിലൂടെ ജോലിസ്ഥലങ്ങളിൽ സഭയുടെ മൂല്യങ്ങളും, ധാർമികതയും വളർത്തുവാൻ ശ്രമിക്കുകയാണ്. ഇന്ന് സിംഗപ്പൂരിലെ ജനസംഖ്യയുടെ ഒമ്പത് ശതമാനം കത്തോലിക്കാ വിശ്വാസികളാണ്. മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂനപക്ഷമാണെങ്കിലും സിംഗപ്പൂരിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ കത്തോലിക്ക വിശ്വാസികൾ സജീവമാണ്.

അതിനാൽ കാത്തലിക്ക് ബിസിനസ് നെറ്റ്‌വർക്ക് സംഘടനയുടെ ആപ്തവാക്യം തന്നെ 'കമ്പോളത്തിലെ ഇടയന്മാർ' എന്നാണ്. സത്യസന്ധമായി ബിസിനസ് നടത്തിയും, കത്തോലിക്ക സാമൂഹ്യ മൂല്യങ്ങൾ ബിസിനസ് രംഗത്ത് ഉൾക്കൊള്ളിച്ചും ബിസിനസുകാർക്ക് ക്രിസ്തുവിന്റെ മുഖവും, സ്വരവുമായി മാറാൻ സാധിക്കുമെന്ന് കാത്തലിക് ബിസിനസ് നെറ്റ്‌വർക്കിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഗോഹ് തേയ്ക്ക് പോഹ് 'ഏഷ്യാ ന്യൂസ്' എന്ന അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. ജീവിതത്തിലെ ഒരു വലിയ ശതമാനം സമയം ജോലി സ്ഥലത്താണ് തങ്ങൾ ചിലവഴിക്കുന്നതെന്നും, അതിനാൽ ജോലിസ്ഥലത്തും വിശ്വാസമനുസരിച്ച് ജീവിക്കണമെന്നും 15 വർഷംമുമ്പ് മാമോദിസ മുങ്ങി സഭയിൽ അംഗമായ സംഘടനയുടെ സഹ അധ്യക്ഷനായ ചാൻ ബെങ് സെങ് പറഞ്ഞു.

സമാനമായ ഉദ്യോഗ പശ്ചാത്തലത്തിൽ നിന്നുള്ളവരെ, ഒരുകുടക്കീഴിൽ കൊണ്ടുവരാനായി സംഘടന വളരെയേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അംഗങ്ങൾക്ക് മറ്റുള്ളവരുമായി തങ്ങളുടെ വിശ്വാസ യാത്രയെപ്പറ്റി പങ്കുവെക്കാനായിട്ടുള്ള അവസരവും സംഘടന നൽകുന്നുണ്ട്. അംഗങ്ങളുടെ ആത്മീയ ഉന്നമനത്തിനായി ധ്യാനങ്ങളും കാത്തലിക് ബിസിനസ് നെറ്റ്‌വർക്ക് സംഘടന സംഘടിപ്പിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്.


Related Articles »