News - 2024

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മുന്നില്‍ വഴക്കിടരുത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 14-01-2019 - Monday

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ വിശ്വാസത്തെക്കുറിച്ച് പഠിക്കുകയും, സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ആദ്യ സ്ഥലം സ്വന്തം ഭവനം തന്നെയാണെന്ന് മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഫ്രാന്‍സിസ് പാപ്പ. മാതാപിതാക്കള്‍ വഴക്കുകൂടുന്നത് മനസിലാക്കാനാവുന്ന കാര്യമാണെങ്കിലും കുട്ടികള്‍ക്കു മുന്നില്‍വച്ചു പാടില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ ദിനമായ ജനുവരി 13 ഞായറാഴ്ച സിസ്റ്റൈന്‍ ചാപ്പലില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ 27 കുട്ടികള്‍ക്ക് മാമ്മോദീസ നല്‍കി സംസാരിക്കുകയായിരിന്നു അദ്ദേഹം. 15 പെണ്‍കുട്ടികള്‍ക്കും 12 ആണ്‍കുട്ടികള്‍ക്കുമാണ് അസുലഭ ഭാഗ്യം കൈവന്നത്.

കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുകയെന്ന ഗൗരവമായ ഉത്തരവാദിത്വത്തിലേക്കാണു മാതാപിതാക്കള്‍ കടന്നിരിക്കുന്നത്. കുടുംബങ്ങളിലാണ് ഇതാരംഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവും വഴക്കിടുന്നത് സാധാരണകാര്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിലാണ് അസ്വാഭാവികത. എന്നാല്‍ കുട്ടികള്‍ വഴക്ക് കാണാനോ കേള്‍ക്കാനോ പാടില്ല. വാക്കുകള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും, കുരിശുവര വഴിയും തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസത്തിന്റെ മാതൃക പകര്‍ന്നു നല്‍കുവാന്‍ പാപ്പ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

“ശരിയാണ്, അവര്‍ മതബോധന ക്ലാസ്സില്‍ പോകുമ്പോള്‍ വിശ്വാസത്തെക്കുറിച്ച് നല്ലവണ്ണം പഠിക്കും. പക്ഷേ വിശ്വാസത്തെക്കുറിച്ച് പഠിക്കുന്നതിനു മുന്‍പ് കുടുംബത്തു നിന്നു വിശ്വാസം പകര്‍ന്നു നല്‍കേണ്ടിയിരിക്കുന്നു. ഈ കര്‍ത്തവ്യമാണ് മാതാപിതാക്കളായ നിങ്ങള്‍ ചെയ്യേണ്ടത്. മാതാപിതാക്കളുടെ സ്നേഹവും, വീട്ടിലെ സമാധാനവും കണ്ട് യേശു അവിടെ സന്നിഹിതനാണെന്ന കുട്ടികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു”.

വിശുദ്ധ കുര്‍ബാനക്ക് ശേഷം ത്രികാല ജപ പ്രാര്‍ത്ഥനക്ക് മുന്‍പായി ഈശോയുടെ ജ്ഞാനസ്നാനത്തെക്കുറിച്ചു വിചിന്തനം നല്‍കുവാനും പാപ്പാ മറന്നില്ല. ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ നമ്മുടെ മാമ്മോദീസാ വാഗ്ദാനം നന്ദിപൂര്‍വ്വം സ്മരിക്കുന്നതിനുള്ള ഒരവസരം കൂടിയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ ദിനത്തില്‍ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുന്ന പതിവ് ആരംഭിച്ചത്.


Related Articles »