News - 2024

നീതി ലഭിക്കാതെ കന്ധമാല്‍ ക്രൈസ്തവ പീഡനത്തിന്റെ ഇരകൾ

സ്വന്തം ലേഖകന്‍ 15-01-2019 - Tuesday

കന്ധമാല്‍: ഒഡീഷയിലെ കന്ധമാലില്‍ തീവ്ര ഹൈന്ദവ സംഘടനകൾ ക്രൈസ്തവ വംശഹത്യ നടത്തിയിട്ട് പത്തുവർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ക്രൈസ്തവ കുടുംബങ്ങൾ. ഏതാണ്ട് മൂവായിരത്തോളം ഇരകളാണ് നഷ്ടപരിഹാരം കാത്ത് ജീവിക്കുന്നത്. 2016 ആഗസ്റ്റില്‍- കന്ധമാലില്‍ നടന്ന ആക്രമണത്തിനിരയായവർക്ക് നഷ്ട്ടപരിഹാരതുക അനുവദിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരിന്നു. എന്നാല്‍ ഇത് അനിശ്ചിതമായി തുടരുകയാണ്.

നീതിക്കും സമാധാനത്തിനും വികസനത്തിനുമായുള്ള കട്ടക്ക്- ഭുവനേശ്വർ അതിരൂപതയുടെ കമ്മീഷൻ 'ഏജൻസിയ ഫിഡ്സ്' എന്ന മാധ്യമത്തെ അറിയിച്ചതാണ് ഇക്കാര്യം. ഇതിനെപ്പറ്റി ചർച്ചചെയ്യാൻ ജനുവരി പന്ത്രണ്ടാം തീയതി വിളിച്ചുചേർത്ത യോഗത്തിൽ കട്ടക്ക് ഭുവനേശ്വർ അതിരൂപതയുടെ മെത്രാപ്പോലീത്ത ജോൺ ബർവയും, ഓൾ ഇന്ത്യാ കാത്തലിക് ഒഡീഷ എന്ന സംഘടനയുടെ അധ്യക്ഷൻ തോമസ് മിൻസേയും, അനവധി വക്കീലുമാരും, വൈദികരും, അല്‍മായ പ്രതിനിധികളും പങ്കെടുത്തു. ആക്രമണങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് ഉടനടി നഷ്ടപരിഹാരം നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ക്രൈസ്തവ വംശഹത്യയിൽ പങ്കെടുത്തവരിൽ പലരും ഇന്ന് സ്വതന്ത്രരായി നടക്കുകയാണെന്നും എന്നാൽ നിരപരാധികളായ പലരും ജയിലിലാണെന്നും ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി. 2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ ആര്‍‌എസ്‌എസ്- വി‌എച്ച്‌പി സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു.

ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ മുന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും, ആറായിരത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്. കലാപകാരികളെ തടയുന്നതിന് പകരം സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചുവെന്ന് വ്യാജ കുറ്റമാരോപിച്ച് ഏഴു നിരപരാധികളായ ക്രൈസ്തവരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.


Related Articles »