News - 2025
പാക്കിസ്ഥാനിലെ മതനിന്ദ നിയമം: മറ്റൊരു ക്രൈസ്തവ ഇര കൂടി കുറ്റവിമുക്തനായി
സ്വന്തം ലേഖകന്‍ 22-01-2019 - Tuesday
കാസുര്‍, പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ കാസുര്‍ ജില്ലയിലെ ഗര്‍ഹേവാലയില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ മറ്റൊരു ക്രൈസ്തവ വിശ്വാസി കൂടി കുറ്റവിമുക്തനായി. പെര്‍വേസ് മസ്സി എന്ന യുവാവാണ് മൂന്ന്‍ വര്‍ഷങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ കുറ്റവിമുക്തനായിരിക്കുന്നത്. പെര്‍വേസിന്റെ കേസ് കൈകാര്യം ചെയ്ത അഭിഭാഷകയും, ക്രിസ്ത്യാനികള്‍ക്കെതിരായ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന 'ദി വോയിസ് ഓഫ് സൊസൈറ്റി'യുടെ നിയമ വിഭാഗത്തെ നയിക്കുകയും ചെയ്യുന്ന അനീഖാ മരിയ അന്തോണിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
പെര്‍വേസിനെതിരെ യാതൊരു തെളിവും ഹാജരാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന്‍ കോടതിയെ ബോധ്യപ്പെടുത്തുവാന്‍ തങ്ങളുടെ അഭിഭാഷക സംഘത്തിന് കഴിഞ്ഞുവെന്ന് അനീഖ പറഞ്ഞു. കേസില്‍ തങ്ങളെ സഹായിച്ചവര്‍ക്കെല്ലാം പെര്‍വേസിന്റേയും, കുടുംബത്തിന്റേയും പേരില്‍ നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 2 നാണ് പ്രവാചകനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പെര്‍വേസ് അറസ്റ്റിലാവുന്നത്. ഹാജി ജാംഷെഡ് എന്ന മുസ്ലീമുമായി കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വില്‍പ്പനയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അദ്ദേഹത്തെ വ്യാജ മതനിന്ദയുടെ പേരില്‍ ജയിലിലെത്തിച്ചത്.
മതനിന്ദ കുറ്റം ചുമത്തപ്പെട്ട കേസുകളില്‍ ജാമ്യം ലഭിച്ച അപൂര്‍വ്വം കേസുകളിലൊന്നാണിതെന്നാണ് അനീഖ പറയുന്നത്. കേസിന്റെ പേരില്‍ പെര്‍വേസിനും കുടുംബത്തിനും ഒരുപാട് സഹനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നുവയസ്സുള്ള മകളെ അജ്ഞാതര്‍ കൊലപ്പെടുത്തിയിരിന്നു. പെര്‍വേസിനെതിരെ കുറ്റം ചുമത്തിയവരാണ് മകളെ കൊലപ്പെടുത്തിയതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയായ സറീനക്ക് ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസില്‍ നിന്നും ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്.
കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും പെര്‍വേസിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവായിട്ടില്ല. മതഭ്രാന്തന്‍മാരെ സംബന്ധിച്ചിടത്തോളം പെര്‍വേസ് ഇപ്പോഴും മതനിന്ദ നടത്തിയവനാണെന്നും അനീഖ ചൂണ്ടിക്കാട്ടി. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപാധിയായി മാറിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. മതനിന്ദക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ വനിത ആസിയാ ബീബിയെ പാക് സുപ്രീംകോടതി ഒക്ടോബര്‍ അവസാനം കുറ്റവിമുക്തയാക്കിയെങ്കിലും ഭീഷണിയെ തുടര്‍ന്നു ഇപ്പോഴും രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്.