News - 2025
സാന്‍ ഫ്രാന്‍സിസ്കോയെ മനുഷ്യക്കടലാക്കി ‘വാക്ക് ഫോര്‍ ലൈഫ്’ റാലി
സ്വന്തം ലേഖകന്‍ 29-01-2019 - Tuesday
സാന്‍ ഫ്രാന്‍സിസ്കോ: “ഗര്‍ഭഛിദ്രം കൊലപാതകമാണ്”, “നിഷ്കളങ്കരേ സംരക്ഷിക്കൂ”, “ഞാനാണ് പ്രോലൈഫ് തലമുറ” തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ‘വാക്ക് ഫോര്‍ ലൈഫ്’ റാലിക്കായി അണിനിരന്ന പതിനായിരങ്ങള്‍ സാന്‍-ഫ്രാന്‍സിസ്കോയിലെ മാര്‍ക്കറ്റ് തെരുവിനെ മനുഷ്യക്കടലാക്കി. കാല്‍ ലക്ഷത്തോളം ആളുകള്‍ പ്രോലൈഫ് റാലിയില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കപ്പെടുന്നത്.
റോയ് v. വേഡ് കേസിന്മേല്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും അബോര്‍ഷന്‍ നിയമപരമാക്കി കൊണ്ടുള്ള 1973-ലെ സുപ്രീം കോടതി വിധിക്കെതിരേയും, ഗര്‍ഭഛിദ്രത്തിനെതിരേയുമുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായ ‘വാക്ക് ഫോര്‍ ലൈഫ്’ വാര്‍ഷിക റാലിയുടെ 15-മത് റാലിയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച സാന്‍-ഫ്രാന്‍സിസ്കോയുടെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം സിവിക് സെന്റര്‍ പ്ലാസയില്‍ തടിച്ചു കൂടിയ ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഉച്ചയോടെ സാന്‍ഫ്രാന്‍സിസ്കോയുടെ മാര്‍ക്കറ്റ് തെരുവിലൂടെ എംബാര്‍ക്കാഡെറോ പ്ലാസയെ ലക്ഷ്യമാക്കി ഒഴുകുകയായിരുന്നു.
പട്രീഷ്യ സാന്‍ഡോവല്‍, അബ്ബി ജോണ്‍സണ്‍, വാള്‍ട്ടര്‍ ബി. ഹോയെ II, ഫാ. ഷേനന്‍ ബൌക്കെറ്റ് തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗര്‍ഭഛിദ്രം അമ്മക്കും, ശബ്ദിക്കാനാവാത്ത കുഞ്ഞിനും ഒരുപോലെ ദോഷകരമാണെന്നും രാഷ്ട്രം അബോര്‍ഷന്‍ കൊണ്ട് മുറിവേറ്റിരിക്കുകയാണെന്നും പട്രീഷ്യ സാന്‍ഡോവല്‍ തുറന്നു പറഞ്ഞു. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പുറമേ അബോര്‍ഷനെ അനുകൂലിക്കുന്നവരും മാര്‍ക്കറ്റ് സ്ട്രീറ്റില്‍ തടിച്ചുകൂടിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.