News - 2025
ആംഗ്ലിക്കൻ വിശ്വാസികൾ കത്തോലിക്ക സഭയിലേക്ക് പോകുന്നത് ആനന്ദകരമായ കാര്യം: ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 30-01-2019 - Wednesday
ലണ്ടന്‍: ആംഗ്ലിക്കൻ വിശ്വാസികൾ കത്തോലിക്ക സഭയിലേക്ക് പോകുന്നത് താൻ കാര്യമാക്കി എടുക്കുകയില്ലായെന്നും, അത് തന്നെ സംബന്ധിച്ച് ഒരു ആനന്ദകരമായ കാര്യമാണെന്നും ആംഗ്ലിക്കൻ സഭയുടെ കാന്‍റര്‍ബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്ക സഭയിലേക്ക് പോകുന്ന വൈദികരുടെ എണ്ണം സംബന്ധിച്ച് സ്പെക്ടേറ്റർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ഉത്തരമായാണ് ജസ്റ്റിൻ വെൽബി ഇപ്രകാരം മറുപടി നൽകിയത്.
ഇംഗ്ലണ്ടിലെയും, വെയിൽസിലെയും കത്തോലിക്കാ വൈദികരിൽ പത്തുപേരിൽ ഒരാൾ ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം പുൽകിയവരാണെന്നാണ് സ്പെക്ടേറ്റർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പ്രതികരണമായി റോം വലിയൊരു പ്രചോദനത്തിന്റെ ഉറവിടമാണെന്നും ജസ്റ്റിൻ വെൽബി അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
തന്റെ പഴയ ഒരു സുഹൃത്തായ ഒരു ആംഗ്ലിക്കൻ വൈദികനിൽ നിന്നും ഇതിനെ സംബന്ധിച്ച് തനിക്കൊരു ഇമെയിൽ ലഭിച്ചുവെന്ന് ജസ്റ്റിൻ വെൽബി പറയുന്നു. ആ വൈദികൻ തന്റെ വിളി പിൻതുടരുന്ന കാലത്തോളം ക്രിസ്തുവിനെയാണ് പിന്തുടരുന്നത്. അതിനാൽ വൈദികന്റെ തീരുമാനം മനോഹരമായ കാര്യമാണെന്നു താൻ മറുപടി നൽകിയെന്നും ജസ്റ്റിൻ വെൽബി കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിന്‍സ്റ്റർ ആർച്ച് ബിഷപ്പായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസിനെ 'തന്റെ അടുത്ത സുഹൃത്ത്' എന്നാണ് അഭിമുഖത്തിൽ ജസ്റ്റിൻ വെൽബി വിശേഷിപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയുമായി ഇടയ്ക്കിടയ്ക്ക് നടത്തുന്ന കൂടി കാഴ്ചകളെപ്പറ്റിയും ജസ്റ്റിൻ വെൽബി വാചാലനായി. കത്തോലിക്കാ വിശ്വാസത്തോട് അനുഭാവമുള്ള ഒരു മെത്രാനായാണ് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയെ ഏവരും നോക്കിക്കാണുന്നത്. അദ്ദേഹത്തിന്റെ ആത്മീയ ഗുരു സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഒരു കത്തോലിക്ക വൈദികനാണെന്നതും ശ്രദ്ധേയമാണ്.
