India - 2025
കീരിക്കര ഇടവക ശിലാസ്ഥാപനം ഇന്ന്: പത്തോളം കുടുംബങ്ങള്‍ക്കു പുതുഭവനവും
ബാബു ജോസഫ് 07-02-2019 - Thursday
കുമളി: പ്രളയത്തില്‍ തകര്‍ന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ കീരിക്കര ഇടവക ദേവാലയത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കുമ്പോള്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട നാനാജാതി മതസ്ഥരായ പത്തോളം കുടുംബങ്ങള്‍ ഇന്ന് പുതിയ ഭവനത്തില്‍ താമസം ആരംഭിക്കും. കാഞ്ഞിരപ്പള്ളി രൂപതയും മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും ചേര്‍ന്ന് കീരിക്കരയിലും മ്ലാമലയിലുമായാണ് പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്കായി പത്തു ഭവനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പുതിയതായി പണിയുന്ന കീരിക്കര സെന്റ് ആന്റണീസ് പളളിയുടെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കപ്പെടും. കീരിക്കര ജംഗ്ഷനില്‍ രൂപത വാങ്ങിയ രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ ദേവാലയം നിര്‍മിക്കുന്നത്. അറുനൂറോളം ആളുകളെ പുതിയ പള്ളിക്ക് ഉള്‍ക്കൊള്ളാനാവുമെന്ന് പള്ളി വികാരി ഫാ. ജോസ് ചിറ്റടിയില്‍ പറഞ്ഞു. വീടുകളുടെ വെഞ്ചരിപ്പും താക്കോല്‍ദാനവും പള്ളി ശിലാസ്ഥാപനത്തിനു ശേഷമാണ് നിര്‍വഹിക്കുക.