News

മാർപാപ്പയുടെ യുഎഇ സന്ദർശനം ആഘോഷമാക്കി ലോക മാധ്യമങ്ങൾ

സ്വന്തം ലേഖകന്‍ 07-02-2019 - Thursday

അബുദാബി: ചരിത്രം കുറിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന് ലോക മാധ്യമങ്ങൾ നല്‍കിയത് വന്‍ പ്രാധാന്യം. പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഓരോ ദിവസവും ലോക മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് വാര്‍ത്തയായത്. ഖലീജ് ടൈംസ്, അറബ് ന്യൂസ് അടക്കമുള്ള അറേബ്യന്‍ പത്രങ്ങളും അർജന്റീനയിലെ ക്ലാരിൻ, ലബനന്റെ ഡെയ്‌ലി സ്റ്റാർ, കൊളംബിയയുടെ എൽ തിയബോ അടക്കമുള്ള പ്രമുഖ പത്രങ്ങള്‍ കഴിഞ്ഞ ദിവസം പാപ്പയുടെ വാര്‍ത്തയും ചിത്രവും ഒന്നാം പേജിൽ തന്നെ നല്‍കി.

മാർപാപ്പ യുഎഇ സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഈജിപ്തിലെ അൽ അൽ അസർ യൂണിവേഴ്സിറ്റിയുടെ ഗ്രാൻഡ് ഇമാമായ അഹമ്മദ് അൽ തമീമിനെ ആലിംഗനം ചെയ്യുന്ന ചിത്രം പല മാധ്യമങ്ങളുടെയും മുൻപേജിൽ തന്നെ ഇടം നേടി. പാപ്പയുടെ സന്ദർശനം ക്രൈസ്തവ മുസ്ലീം മത വിഭാഗങ്ങൾ തമ്മിൽ രൂപപ്പെടുത്തിയെടുക്കാൻ സാധ്യതയുള്ള ഊഷ്മളമായ ബന്ധത്തെപ്പറ്റിയാണ് സൂചിപ്പിക്കുന്നതെന്നാണ് മിക്ക മാധ്യമങ്ങളും രേഖപ്പെടുത്തിയത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎഇയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നൽകിയ സ്വീകരണവും മാർപാപ്പയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സൈദും തമ്മിലുള്ള ചിത്രവും മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ നൽകി.

പശ്ചിമേഷ്യയിൽ ന്യൂനപക്ഷങ്ങൾക്ക് പൗരാവകാശങ്ങൾ നൽകുന്നതിനെപ്പറ്റി മാർപാപ്പ പറഞ്ഞത് ലോകപ്രശസ്ത മാധ്യമമായ ന്യൂയോർക്ക് ടൈംസ് വ്യക്തമായി പ്രസിദ്ധീകരിച്ചിരിന്നു. മാർപാപ്പയുടെ യുഎഇ സന്ദർശനത്തിനെ പറ്റി അനേകം ലേഖനങ്ങൾ ഈ ദിവസങ്ങളില്‍ ന്യൂയോർക്ക് ടൈംസിൽ നല്‍കി. ഫോക്സ് ന്യൂസ്, ദി ഇൻഡിപെൻഡന്‍റ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളും പേപ്പൽ സന്ദർശനം ചൂടോടെ തന്നെ ജനങ്ങളിലെത്തിച്ചു. മുപ്പതോളം രാജ്യങ്ങളില്‍ നിന്നായി എഴുന്നൂറോളം മാധ്യമപ്രവർത്തകരാണ് പേപ്പൽ സന്ദർശനത്തിന്റെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി യുഎഇയിൽ എത്തിച്ചേർന്നത്.


Related Articles »