Arts - 2025
1200 വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ബൈബിള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 09-02-2019 - Saturday
ഇസ്താംബൂള്‍: ആയിരത്തിഇരുനൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ബൈബിള്‍ തുര്‍ക്കി പോലീസ് കണ്ടെത്തി. നാടകീയമായ ദൗത്യത്തിനൊടുവില്‍ കള്ളക്കടത്തു സംഘത്തില്‍ നിന്നാണ് തുര്‍ക്കി പോലീസ് പുരാതനമായ ഈ അമൂല്യഗ്രന്ഥം കണ്ടെത്തിയത്. ടര്‍ക്കിഷ് ദിനപത്രമായ ഹുറൈ ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് ഗവര്‍ണറുടെ ഓഫീസ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഫെബ്രുവരി 4 തിങ്കളാഴ്ച കയപിനാര്‍ നഗരത്തില്‍ കള്ളക്കടുത്ത് തടയുന്നതിനുള്ള ദൗത്യത്തിനിടയിലാണ് തുര്‍ക്കി പോലീസ് അമൂല്യമായ ഈ ബൈബിള്‍ പ്രതി പിടിച്ചെടുത്തത്. 3 പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിട്ടുണ്ട്. ബൈബിളിലെ പേജുകള്‍ കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞ് നുറുങ്ങിയ അവസ്ഥയിലാണ്. തുകല്‍ കൊണ്ടുള്ള പേജുകളില്‍ സുവര്‍ണ്ണ നിറത്തിലാണ് എഴുത്ത്. കുരിശ്, ദാവീദിന്റെ നക്ഷത്രം തുടങ്ങിയ വിശ്വാസപരമായ ചിഹ്നങ്ങളും ബൈബിളിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒരു ഷൂ സ്റ്റോറില്‍ ബൈബിള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇത് പിടിച്ചെടുത്തത്. പുരാവസ്തുഗവേഷകരുടെ വിശദമായ പരിശോധനകള്‍ക്കായി ഒരു പ്രാദേശിക സര്‍വ്വകലാശാലക്ക് നല്‍കിയിരിക്കുകയാണ് ബൈബിള്‍. കാലപ്പഴക്കം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ പുരാവസ്തുമേഖലയിലെ അമൂല്യ വസ്തുവായി ഈ ബൈബിള്‍ മാറപ്പെടുമെന്നാണ് നിരീക്ഷണം.