India - 2025
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ആത്മീയ സംഗമത്തിന് ഇന്ന് ആരംഭം
സ്വന്തം ലേഖകന്‍ 10-02-2019 - Sunday
മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി കണക്കാക്കപ്പെടുന്ന മാരാമണ്‍ മണല്‍പ്പുറത്തെ 124 ാമത് ആത്മീയ സംഗമത്തിന് ഇന്നു തുടക്കമാകും. മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗ സംഘം നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്യുക. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കും. യോര്‍ക്ക ആര്‍ച്ച് ബിഷപ്പ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യസന്ദേശം നല്‍കും.
നാളെ മുതല്‍ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം 5.30നുമായി യോഗങ്ങള്‍ നടക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ആര്‍ച്ച്ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, ഡോ. ഡാനിയേല്‍ ഹോ (മലേഷ്യ), റവ. റെയ്മണ്‍ സിമംഗ കുമലോ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ഇക്കൊല്ലത്തെ മുഖ്യപ്രസംഗകര്‍. 13നു രാവിലെ എക്യുമെനിക്കല്‍ യോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യസന്ദേശം നല്‍കും. ഇതരസഭകളുടെ മേലധ്യക്ഷന്മാരും പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം കുടുംബവേദി യോഗത്തില്‍ തലശേരി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗിക്കും. 17-നാണ് കണ്‍വെന്‍ഷന്‍ സമാപിക്കുക.
