Life In Christ

ക്രൈസ്തവ വിശ്വാസമല്ലാതെ മറ്റൊരു മതവിശ്വാസവും സത്യവിശ്വാസമല്ല: ബിഷപ്പ് ഷ്‌നീഡർ

സ്വന്തം ലേഖകന്‍ 15-05-2020 - Friday

അസ്താന: ലോകത്തിലെ എല്ലാ മനുഷ്യരും തന്റെ പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കണമെന്നതാണ് സത്യ ദൈവത്തിന്റെ ആഗ്രഹമെന്നതിനാല്‍, ക്രൈസ്തവ വിശ്വാസമല്ലാതെ മറ്റൊരു മതവിശ്വാസവും സത്യവിശ്വാസമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഖസാഖിസ്ഥാനിലെ അസ്താന രൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍. നിത്യജീവന്‍ വാഗ്ദാനം ചെയ്യുവാന്‍ ക്രൈസ്തവ വിശ്വാസത്തിനല്ലാതെ മറ്റൊരു മതത്തിനും കഴിയുകയില്ല. ദൈവത്തിന്റെ "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ, അവന് നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും" (യോഹന്നാന്‍ 6:40) എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഖസാഖിസ്ഥാനിലെ അസ്താനയിലെ സഹായ മെത്രാനായ ഷ്നീഡര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഈ വലിയ സത്യം ലോകത്തോട് വിളിച്ചു പറയുന്നത്.

"ക്രൈസ്തവ വിശ്വാസം മാത്രമാണ് ദൈവ നിശ്ചയ പ്രകാരമുള്ള ഏക മതം. അതിനാല്‍ മറ്റുമതങ്ങള്‍ക്കൊപ്പം ക്രൈസ്തവ വിശ്വാസത്തെ കുടിയിരുത്തുക സാധ്യമല്ല. മതങ്ങളുടെ വൈവിധ്യം ദൈവേഷ്ടമാണെന്ന് പറയുന്നവര്‍ ഒന്നാം പ്രമാണത്തിലൂടെ നൽകപ്പെട്ട ദൈവീക വെളിപാടിന്റെ സത്യത്തെ നിരസിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിലേക്ക് ഒരു മാര്‍ഗ്ഗവും, സത്യവും, ജീവനും മാത്രമാണുള്ളത്; അതാണ്‌ യേശു ക്രിസ്തു. യേശു തന്നെ പറഞ്ഞിരിക്കുന്നു: “ഞാനാണ് വഴിയും, സത്യവും, ജീവനും” (യോഹന്നാന്‍ 14:6).

ക്രൈസ്തവ വിശ്വാസത്തിനു പുറമേ മറ്റൊരു മതത്തിനും യഥാര്‍ത്ഥവും അമാനുഷികവുമായ 'നിത്യജീവന്‍' പകരുവാന്‍ കഴിയുകയില്ല. കാരണം "ഏകസത്യമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യ ജീവന്‍" (യോഹന്നാന്‍ 17:3). 'ദൈവമക്കളാകുക' എന്നത് മഹത്തായ ഒരു ദാനമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടേയും, മാമ്മോദീസായിലൂടേയും മാത്രമേ ഇത് നേടുവാന്‍ കഴിയുകയുള്ളൂ. "സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍ നിന്നും ജനിക്കുന്നത് മാസമാണ്; ആത്മാവില്‍ നിന്നും ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട” (യോഹ 3:5-7) എന്ന സത്യം യേശു തന്നെ വ്യക്തമാക്കിയിരിക്കുന്നു": അദ്ദേഹം കുറിച്ചു.

ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കും മോക്ഷം സാധ്യമാണെന്നു ഉറപ്പിച്ചു പറയുന്ന ആധുനിക സിദ്ധാന്തങ്ങളെ അദ്ദേഹം തന്റെ പ്രസ്താവനയിലൂടെ നിരാകരിച്ചു. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങളായി ക്രിസ്തുവില്‍ നിന്നും അപ്പസ്തോലന്‍മാരില്‍ നിന്നും നേരിട്ടറിഞ്ഞ ദൈവിക സത്യങ്ങളെ എതിര്‍ക്കുന്നതാണ് ഈ സിദ്ധാന്തമെന്ന് അദ്ദേഹം വ്യക്തമാക്കി. "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. അവർ ജനിച്ചത് രക്തത്തില്‍ നിന്നോ, ശാരീരികാഭിലാഷത്തില്‍ നിന്നോ, പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്നത്രേ" (യോഹന്നാന്‍ 1:12-13) എന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, പ്രകൃത്യായുള്ള മനുഷ്യാവസ്ഥയും ദൈവമക്കളായിരിക്കുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

"ദൈവപുത്രനായ യേശുക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് അവിടുന്നിലുള്ള വിശ്വാസത്തിന് പുറത്ത് മറ്റൊരു സത്യവിശ്വാസമില്ല എന്നാണ്. മറ്റ് മതങ്ങള്‍ ദൈവനിശ്ചയപ്രകാരമാണ് ഉണ്ടായതെങ്കില്‍ മോശയുടെ കാലത്ത് സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ ആരധിച്ചതിന് ദൈവം ഇസ്രയേല്‍ മക്കളെ ശാസിക്കില്ലായിരുന്നു."

ആത്മാവിന്റെ സാര്‍വ്വലൗകീകമായ മോക്ഷത്തിനുള്ള മാര്‍ഗ്ഗം ക്രൈസ്തവ വിശ്വാസമാണെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും, എല്ലാമതങ്ങളും ഒന്നാണെന്ന് പറയുന്നത് കത്തോലിക്കാ വിശ്വാസത്തെ നശിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന ലിയോ പതിമൂന്നാമന്‍ മാർപാപ്പായുടെ വാക്കുകളും (ഹുമാനും ജെനുസ്), എല്ലാ മതങ്ങളും നല്ലതാണെന്ന് പറയുന്ന സിദ്ധാന്തങ്ങളെ ദൈവവിശ്വാസം നിരാകരിക്കുന്നുവെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകളെയും (റിടംപ്റ്റൊറിസ് മിസ്സിയോ) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യേശു ഏകരക്ഷകൻ എന്ന സത്യം ബിഷപ്പ് ഷ്‌നീഡർ ലോകത്തോടു പ്രഘോഷിക്കുന്നത്.

(Originally published on 02/10/19).


Related Articles »