News

ബംഗാളിലെ തെരുവിന്റെ മക്കള്‍ക്കായി ജീവിതം മാറ്റിയ വൈദികന് ഫ്രഞ്ച് പരമോന്നത ബഹുമതി

സ്വന്തം ലേഖകന്‍ 11-02-2019 - Monday

ഹോറ: അംഗവൈകല്യമുള്ള കുട്ടികൾക്കും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം മാറ്റിവച്ച ബംഗാളിൽ ജീവിക്കുന്ന കത്തോലിക്ക വൈദികനു ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം. ഫ്രാൻസിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഹോണറിനാണ് നിസ്തുലമായ ശുശ്രൂഷ തുടരുന്ന ഫാ. ഫ്രാങ്കോയിസ് ലബോർഡേ അർഹനായത്. വൈകല്യം ബാധിച്ച കുട്ടികൾക്കും, എല്ലാവരാലും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും 92 വയസ്സുകാരനായ ഫാ. ഫ്രാങ്കോയിസ് നൽകുന്ന സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തിന് 'ലീജിയൻ ഓഫ് ഹോണർ' ബഹുമതി നൽകാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്.

അംഗവൈകല്യമുള്ള കുട്ടികൾക്കും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും, പൊതുസമൂഹത്തിൽനിന്ന് പുറന്തള്ളപ്പെട്ടവർക്കും കൈത്താങ്ങായി ഹൗറ സൗത്ത് പോയിന്റ് എന്ന സംഘടന സ്ഥാപിച്ച ഫാ. ഫ്രാങ്കോയിസിന്, ബഹുമതി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ അലക്സാണ്ട്രെ സീഗ്ളർ പറഞ്ഞു. കഴിഞ്ഞ 60 വർഷക്കാലം ഫാ. ഫ്രാങ്കോയിസ് ലബോർഡേ ഇന്ത്യയിലെ ശുശ്രൂഷ തുടരുകയായിരിന്നുവെന്നും ഈ പ്രായത്തിലും വൈദികന്‍ കർമ്മനിരതനായിരിക്കുന്നത് പ്രചോദനപരമാണെന്നും ഫ്രഞ്ച് അംബാസഡർ കൂട്ടിച്ചേർത്തു.

തനിക്ക് കിട്ടിയ ബഹുമതി, താൻ സംരക്ഷിക്കുന്ന കുട്ടികൾക്കായി സമർപ്പിക്കുന്നു എന്ന് ബഹുമതി ഏറ്റുവാങ്ങിയ ഫാ. ഫ്രാങ്കോയിസ് പറഞ്ഞു. ഫ്രഞ്ച് പൗരനായിരുന്ന ഫാ. ഫ്രാങ്കോയിസ് ലബോർഡേ പിന്നീട് ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. ബഹുമതി ദാന ചടങ്ങിന് ശേഷം ഫാ. ഫ്രാങ്കോയിസിന്റെ പ്രവർത്തനമേഖലകളെ കുറിച്ചുള്ള പ്രദർശനവും നടന്നു. അലക്സാണ്ട്രെ സീഗ്ളർ പ്രദര്‍ശന സ്ഥലവും സന്ദര്‍ശിച്ചു.


Related Articles »