Life In Christ - 2025
ഐഎസ് ആധിപത്യം യേശുവിലേക്ക് നയിച്ചു: സിറിയയില്‍ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പാതയില്‍
സ്വന്തം ലേഖകന്‍ 11-02-2019 - Monday
ഡമാസ്ക്കസ്: സിറിയയുടെയും തുർക്കിയുടെയും അതിർത്തി നഗരമായ കോബാനിയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്തിയിട്ട് നാലുവർഷം പിന്നിടുമ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയത് നൂറുകണക്കിന് മുസ്ലിം മതസ്ഥര്‍. പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഹിംസാത്മകവും, തീവ്രവുമായ മത വ്യാഖ്യാനം മുസ്ലിം മതവിശ്വാസികളിൽ പലരെയും തങ്ങളുടെ വിശ്വാസം തന്നെ ചോദ്യം ചെയ്യുന്നതിൽ കൊണ്ടു ചെന്ന് എത്തിക്കുകയായിരിന്നു. പതിറ്റാണ്ടുകൾക്ക് ശേഷം കോബാനിയിൽ ആരംഭിച്ച ഒരു ക്രൈസ്തവ ദേവാലയം അനേക മുസ്ലീം മതവിശ്വാസികളെയാണ് ആകർഷിക്കുന്നത്.
"ഇസ്ലാമിക് സ്റ്റേറ്റാണ് ഇസ്ലാം മതത്തെ പ്രതിനിധീകരിക്കുന്നതെങ്കിൽ ഇനി എനിക്കൊരു മുസ്ലിമായി ജീവിക്കാൻ താൽപ്പര്യമില്ല എന്നും, അവരുടെ ദൈവം തന്റെ ദൈവം അല്ല" എന്നും ഇസ്ലാമിൽനിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 23 വയസ്സുകാരൻ ഫർഹത്ത് ജാസ്മിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ ആയുധം എന്നത് പ്രാർത്ഥന ആണെന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ കുടുംബത്തിനോട് ചെയ്ത അനീതികളിൽ മനംനൊന്താണ് ഇസ്ലാംമതം ഉപേക്ഷിച്ചതെന്നും, ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ല എന്നും പ്രദേശത്തെ ഒരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി.
സിറിയയിൽ മതപരിവർത്തനം വിലക്കപ്പെട്ടിരിക്കുന്നതിനാൽ, വിശ്വാസ പരിവർത്തനം നടത്തുന്നത് അസാധാരണമായ സംഭവമാണ്. ഇസ്ലാം മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ആളുകൾക്കു സ്വന്തം വീട്ടിൽ നിന്നു പോലും ഭീഷണി നേരിടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സിറിയയിലെ പലസ്ഥലങ്ങളും പിടിച്ചെടുക്കുന്നതിനു മുന്‍പ് തന്നെ സിറിയൻ സർക്കാരിന്റെ കീഴിൽ രാജ്യത്ത് മതപരിവർത്തനം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആധിപത്യം സ്ഥാപിച്ച ഇസ്ലാമിക് സ്റ്റേറ്റ്സ് ക്രൈസ്തവ വിശ്വാസികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഇസ്ലാമിലേക്ക് നിര്‍ബന്ധ മതപരിവർത്തനം നടത്താന്‍ ശ്രമം നടത്തി. എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ് ഇന്നു നൂറുകണക്കിന് ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയാണ്.