News - 2024

മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിനായി വീണ്ടും അഭ്യര്‍ത്ഥിച്ച് കൽദായ പാത്രിയാർക്കീസ്

സ്വന്തം ലേഖകന്‍ 12-02-2019 - Tuesday

ഏര്‍ബില്‍: ഫ്രാന്‍സിസ് പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന് പിന്നാലെ ഇറാഖിലേക്കു പാപ്പ സന്ദര്‍ശനം നടത്തണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ച് കൽദായ സഭയുടെ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോ. നിലവില്‍ ഇറാഖിലെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും പാപ്പയുടെ സന്ദര്‍ശനത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്താമെന്നും അദ്ദേഹം സന്നദ്ധത അറിയിച്ചു. കൃക്സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മാർപാപ്പ നടത്തിയ യുഎഇ സന്ദർശനം ചരിത്രപരമാണ്. പാപ്പയും അൽ അസർ യൂണിവേഴ്സിറ്റിയുടെ ഗ്രാൻഡ് ഇമാമും തമ്മിൽ ഒപ്പുവച്ച മനുഷ്യ സാഹോദര്യ പ്രഖ്യാപന ഉടമ്പടി മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിനായുള്ള ഒരു വിത്തായി മാറുമെന്നുള്ള പ്രതീക്ഷയിലാണ് കല്‍ദായ സഭയെന്നും അദ്ദേഹം പറഞ്ഞു.

ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പനാമയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽവച്ച് ഇറാഖ് സന്ദർശനത്തിനെ പറ്റി മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ ഇപ്പോൾ അതിനു പറ്റിയ സാഹചര്യമില്ലെന്നു മെത്രാന്മാർ പറയുന്നതെന്നാണ് ഫ്രാൻസിസ് മാർപാപ്പ ഉത്തരം നൽകിയത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ഇപ്പോൾ ഇറാഖ് സന്ദർശിക്കാൻ ഉചിതമായ സമയമാണെന്നാണ് ലൂയിസ് റാഫേൽ സാക്കോ പറയുന്നത്. ഡിസംബർ മാസം ക്രിസ്തുമസിനോട് അനുബന്ധിച്ച് മാർപാപ്പയുടെ നിർദ്ദേശപ്രകാരം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖ് സന്ദർശിച്ചിരുന്നു.


Related Articles »