News - 2025
മാര്‍പാപ്പയുടെ അഭാവത്തിൽ സഭയുടെ ഉത്തരവാദിത്വം ഐറിഷ് കര്‍ദ്ദിനാളിന്
സ്വന്തം ലേഖകന്‍ 15-02-2019 - Friday
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പ കാലം ചെയ്താല്‍ സഭയുടെ താത്ക്കാലിക ചുമതല വഹിക്കേണ്ട കമര്‍ലങ്കോ പദവിയിലേക്ക് അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മുന്‍പ് കമര്‍ലങ്കോ പദവി വഹിച്ചിരുന്ന കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടുറാന്‍ കഴിഞ്ഞ ജൂലൈയില്‍ അന്തരിച്ചു. ഈ സാഹചര്യത്തില്‍ ഉണ്ടായ ഒഴിവ് നികത്തി കൊണ്ടാണ് പാപ്പ പുതിയ കര്‍ദ്ദിനാളിന് പദവി കൈമാറിയത്.
71 വയസുകാരനായ ഇദ്ദേഹം അയര്‍ലന്റിലാണ് ജനിച്ചത്. പിന്നീട് സഭാ ചുമതലകളുടെ ഭാഗമായി അമേരിക്കയിലേക്കു കുടിയേറി. 2016-ല്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ബിഷപ്പ് കെവിന്‍ ജോസഫിനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മാര്‍പാപ്പ കാലം ചെയ്താല്‍ ആ ദിവസം മുതല്‍ കോണ്‍ക്ലേവില്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെയുള്ള സമയമാണ് സഭയുടെ താത്ക്കാലിക ചുമതല കമര്‍ലങ്കോ പദവി വഹിക്കുന്ന കര്‍ദ്ദിനാളിനുണ്ടാകുക.