News - 2024

ഇന്ത്യയിലെ ക്രൈസ്തവരെ രണ്ടാംതരം പൗരന്മാരാക്കുന്നു: റിപ്പോര്‍ട്ടുമായി ഡെയിലി എക്സ്പ്രസ്

സ്വന്തം ലേഖകന്‍ 13-02-2019 - Wednesday

ലണ്ടന്‍: ഇന്ത്യയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും വിവേചനത്തിന്റെയും റിപ്പോര്‍ട്ടുമായി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയിലി എക്സ്പ്രസ്. രാജ്യത്തു ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗ്ഗീയതയും ദേശീയതയും ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായുള്ള പീഡനങ്ങളുടെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ മുതിര്‍ന്ന പോളിസി ഓഫീസറായ മാത്യു റീസിന്റെ വാക്കുകളാണ് അതീവ പ്രാധാന്യത്തോടെ ഡെയിലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസികളുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കാലത്തൊന്നും അവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും മാത്യു, എക്സ്പ്രസിനോട് വെളിപ്പെടുത്തി.

അടുത്ത കാലത്ത് ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ (വേള്‍ഡ് വാച്ച് ലിസ്റ്റ്) ഇതാദ്യമായി ആദ്യ പത്തില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എങ്ങനെ തങ്ങളുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ ഇടം നേടിയെന്ന്‍ ചോദിക്കുന്നവരുണ്ടെന്നും റീസ് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷമായി ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ക്രിസ്ത്യാനികളുടെ മോശം അവസ്ഥയെക്കുറിച്ചും, സ്ഫോടനാത്മകമായ വര്‍ഗ്ഗീയ സാഹചര്യത്തെക്കുറിച്ചുമാണ് കേള്‍ക്കുവാന്‍ കഴിയുകയെന്നും റീസ് വിവരിച്ചു. ഹിന്ദുവെന്നാല്‍ ഇന്ത്യയെന്നും, ഇന്ത്യയെന്നാല്‍ ഹിന്ദുവെന്നുമുള്ള സ്ഥിതിവിശേഷമാണുള്ളത്. ക്രിസ്ത്യാനികള്‍ക്കെതിരേ പീഡനത്തിലൂടെയും അക്രമത്തിലൂടെയും ഇത് വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഹിന്ദു തീവ്രവാദം ഇന്ത്യയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യക്കാരനാവുക എന്നത് ഹിന്ദുത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുവല്ലാത്തവര്‍ ഇന്ത്യക്കാരല്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് റീസ് തന്റെ അഭിമുഖവസാനിപ്പിച്ചത്. ഇന്ത്യയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തെ വിവരിച്ച് എക്സ്പ്രസ് ഇതിനും മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Related Articles »