News - 2025
ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് ക്രിസ്ത്യന്‍ വനിത അംഗം
സ്വന്തം ലേഖകന്‍ 15-02-2019 - Friday
ധാക്ക: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ പാര്‍ലമെന്റിലേക്ക് ആദ്യത്തെ ക്രിസ്ത്യന്‍ വനിതാ അംഗം. കത്തോലിക്ക വിശ്വാസിയായ ഗ്ലോറിയ ജാര്‍ണാ സാര്‍ക്കറാണ് ബംഗ്ലാദേശിന്റെ തെക്ക് ഭാഗത്തുള്ള ഖുല്‍നായില്‍ നിന്നും ഭരണകക്ഷിയായ അവാമി പാര്‍ട്ടിയുടെ കീഴില്‍ മത്സരിച്ചു ബംഗ്ലാദേശ് പാര്‍ലമെന്റിലെ അധോസഭയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മുഴുവന്‍ ക്രൈസ്തവരുടേയും വിജയമാണിതെന്നാണ് തന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ട് സാര്‍ക്കര്‍ പ്രതികരിച്ചത്. വിജയം സ്ഥിരീകരിച്ച ഉടനെ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് സാര്‍ക്കറെ അനുമോദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
1971-ല്‍ പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ ശേഷം ബംഗ്ലാദേശ് പാര്‍ലമെന്റിനു ലഭിക്കുന്ന ആദ്യ ക്രിസ്ത്യന്‍ വനിതാ അംഗവും, മൂന്നാമത്തെ ക്രിസ്ത്യന്‍ അംഗവുമാണ് സാര്‍ക്കര്‍. പ്രൊമോദേ മാന്‍കിനും, അദ്ദേഹത്തിന്റെ മകനായ ജെവല്‍ അരെങ്ങുമാണ് ഇതിന് മുന്‍പ് പാര്‍ലമെന്റിലെത്തിയിട്ടുള്ള ക്രിസ്ത്യാനികള്‍. 2018 ഡിസംബര്‍ 30-ന് നടന്ന തിരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് വിജയിച്ചത്. ബംഗ്ലാദേശ് പാര്‍ലമെന്റായ ജടിയ സങ്ങ്സദില്‍ വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന 50 സീറ്റുകളില്‍ 43-ലും അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
ഖുല്‍നായിലെ ചല്‍നാ ഇടവകാംഗവും, തീക്ഷ്ണതയുള്ള കത്തോലിക്കാ വിശ്വാസിയുമായ സാര്‍ക്കര്‍ ഒരു അഭിഭാഷക കൂടിയാണ്. കത്തോലിക്കാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെയും, വൈ.ഡബ്ലിയു.സി.എ, ബംഗ്ലാദേശ് ക്രിസ്ത്യന്‍ അസോസിയേഷന്‍, ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ പോലെയുള്ള സംഘടനകളിലേയും സജീവ പ്രവര്‍ത്തക കൂടിയായിരുന്നു സാര്‍ക്കര്‍. ധാക്കാ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ പാട്രിക് ഡി’റൊസാരിയോയുടെ ശക്തമായ പിന്തുണയും സാര്‍ക്കറിനുണ്ടായിരുന്നു. സാര്‍ക്കറിനെ വിജയം രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പുത്തന്‍ ഉണര്‍വ് സമ്മാനിച്ചിരിക്കുകയാണ്.