News - 2024

ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനം: പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 18-02-2019 - Monday

വത്തിക്കാന്‍ സിറ്റി: തിരുസഭയില്‍ ഉയരുന്ന ലൈംഗീക വിവാദങ്ങളെ കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയിരിക്കുന്ന, വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടയിലാണ് പാപ്പ വിശ്വാസികളുടെ പ്രാർത്ഥനാ സഹായം തേടിയത്. ഫെബ്രുവരി 21 മുതൽ ഇരുപത്തിനാലാം തീയതി വരെ നടക്കുന്ന മെത്രാന്മാരുടെ സമ്മേളനത്തില്‍ സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളായിരിക്കും നടക്കുക.

Must Read: ‍ വൈദികരുടെ ലൈംഗീക ദുരുപയോഗകേസുകള്‍; ഒരു ഭാരതീയ മെത്രാന്റെ വിഷമസന്ധി

ത്രികാല പ്രാർത്ഥനയ്ക്കു മുമ്പായി സുവിശേഷഭാഗ്യങ്ങളെ പറ്റിയാണ് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച സന്ദേശം നൽകിയത്. വിശ്വാസത്തിന്റെ ആവശ്യകതയെപ്പറ്റി ആഴമായി ചിന്തിക്കാനാണ് ഈ സുവിശേഷഭാഗം നമ്മളെ ക്ഷണിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ഭൗതിക കാര്യങ്ങളിൽ ആകൃഷ്ടരായി ഒന്നാം പ്രമാണം ലംഘിക്കാൻ ഇടവരുന്നതിനെതിരെയും, സുവിശേഷഭാഗ്യങ്ങൾ ചൂണ്ടിക്കാട്ടി പാപ്പ മുന്നറിയിപ്പു നൽകി. സുവിശേഷത്തോട് മനസ്സും, ഹൃദയവും തുറക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മളെ സഹായിക്കട്ടെയെന്നും അങ്ങനെ അത് നമ്മുടെ ജീവിതത്തിൽ ഫലം ചൂടട്ടെയെന്നും ആശംസിച്ചു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »