Life In Christ - 2025

ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം: ആഫ്രിക്കയിലൂടെ സുവിശേഷം ശ്രവിച്ച് ചൈന

സ്വന്തം ലേഖകന്‍ 18-02-2019 - Monday

ബെയ്ജിംഗ്: "ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം". വിശ്വാസ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ചൈനയിലെ നിന്നുള്ള പൗരന്മാര്‍ യേശുവിനെ അറിയുന്ന പദ്ധതിയെ ഈ വാക്യം കൂടാതെ വിശേഷിപ്പിക്കുക അസാദ്ധ്യമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചൈനക്കാരായ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുതോറും അവര്‍ക്കിടയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുവെന്ന ശ്രദ്ധേയമായ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണ പദ്ധതികളിലേക്ക് ചൈനയില്‍ നിന്നുള്ള പണത്തിന്റേയും തൊഴിലാളികളുടേയും ഒഴുക്ക് വര്‍ദ്ധിക്കുതോറും ചൈനീസ് പൌരന്മാര്‍ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയാണ്.

ഇരുണ്ട ഭൂഖണ്ഡത്തിലെ ചൈനീസ് ക്രിസ്ത്യാനികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മാധ്യമമായ ‘അണ്‍ഹെര്‍ഡ്’-ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വന്തം ദേശത്ത് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത ചൈനക്കാര്‍ ആഫ്രിക്കയില്‍ സ്വാതന്ത്ര്യത്തോടെ കൂദാശകളില്‍ പങ്കെടുക്കുകയാണ്. ആഫ്രിക്കയിലെ പതിനായിരത്തോളം വരുന്ന ചൈനീസ് കമ്പനികളിലായി ഏതാണ്ട് 2,27,000 മുതല്‍ പത്തുലക്ഷം ചൈനീസ് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കിടയിലാണ് തദ്ദേശീയരായ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ സുവിശേഷം പ്രചരിപ്പിച്ചുവരുന്നത്. ഇതിന്റെ ഫലമായി നിരവധി ചൈനീസ്‌ തൊഴിലാളികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക ദേവാലയങ്ങളും ചൈനക്കാരെ ആകര്‍ഷിക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പല ദേവാലയങ്ങളിലും ചൈനീസ് ഭാഷയായ മണ്ടാരിനിലും വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നുണ്ട്. ഇതിനുപുറമേ തായ് വാന്‍ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള മിഷ്ണറിമാരും ആഫ്രിക്കയില്‍ താമസിക്കുന്ന ചൈനക്കാരെ ലക്ഷ്യം വെച്ച് സുവിശേഷ വേല ചെയ്യുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും ചൈനയിലേക്ക് മടങ്ങിവരുന്ന പൌരന്മാര്‍ ക്രിസ്തുവിലുള്ള വിശ്വാസവും കൂടിയാണ് ചൈനയിലേക്ക് കൊണ്ടുവരുന്നത്.

ചൈനയിലേക്ക് കുടിയേറുന്ന പെന്തക്കോസ്തു വിഭാഗത്തില്‍പ്പെട്ട ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും ക്രൈസ്തവ വിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ ചൈന പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വിവിധ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2030-നോട് കൂടെ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി ചൈന മാറുമെന്നാണ് വിവിധ ഗവേഷണ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.


Related Articles »