Life In Christ - 2025

ദൈവ വിശ്വാസത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രശസ്ത ഹോളിവുഡ് നടി സിമോണി

സ്വന്തം ലേഖകന്‍ 25-02-2019 - Monday

ലോസ് ആഞ്ചലസ്: ജീവിതത്തിലെ പല ദുഃഖകരമായ അവസ്ഥകളെയും നേരിടാൻ ദൈവവിശ്വാസമാണ് തനിക്ക് കരുത്ത് പകർന്നതെന്ന് പ്രശസ്ത ഹോളിവുഡ് നടി ജിയന്ന സിമോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും, പ്രശസ്ത കായിക താരവുമായ ടിം ടെബോയും, സഹോദരൻ റോബിയും നിർമ്മിച്ച, 'റൺ ദി റേയ്സ്' എന്ന ചിത്രത്തിലെ നടിയാണ് ജിയന്ന സിമോണി. ചിത്രത്തിന്റെ റിലീസിംഗിനു മുന്നോടിയായുള്ള ചടങ്ങിൽ വച്ച് ക്രിസ്ത്യൻ പോസ്റ്റ് എന്ന മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് ജിയന്ന തന്റെ വിശ്വാസത്തെപ്പറ്റി മനസ്സുതുറന്നത്. വിശ്വാസത്തെ അടിസ്ഥാനമാക്കി കൂടുതൽ സിനിമകൾ ഹോളിവുഡിൽ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ദൈവത്തിൽ വിശ്വസിക്കുന്നത് ഏറെ പ്രാധാന്യപ്പെട്ട കാര്യമാണെന്ന് ആളുകൾക്ക് ബോധ്യം നൽകുന്നത് ഒരു മനോഹരമായ കാര്യമാണെന്നും ജിയന്ന പറഞ്ഞു.

നല്ല സമയങ്ങളിലും മോശം സമയങ്ങളിലും നിരന്തരം ദൈവം നമ്മളോടൊപ്പം ഉണ്ടെന്നും ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് ആളുകൾക്ക് മനസിലാക്കി കൊടുക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ജിയന്ന പറയുന്നു. അതീവ ക്ലേശകരമായ സാഹചര്യങ്ങളിൽ നിന്നും ദൈവമാണ് തന്നെ രക്ഷിച്ചത്. ഏതൊരു അവസ്ഥയിൽ നിന്നും ദൈവത്തിന് നമ്മേ രക്ഷിക്കാൻ സാധിക്കുമെന്ന് ഈ സിനിമ ആളുകൾക്ക് കാണിച്ചുകൊടുക്കുമെന്നും ജിയന്ന പറഞ്ഞു. ജിയന്നയോടൊപ്പം മറ്റ് പല പ്രശസ്തരായ ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതിയാണ് ചിത്രം റിലീസ് ചെയതത്. ഇതിനുമുൻപ് ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട മൂന്ന് സിനിമകളിൽ ജിയന്ന അഭിനയിച്ചിട്ടുണ്ട്.


Related Articles »