News - 2024

അമേരിക്കയുടെ അന്താരാഷ്ട്ര വനിതാ അവാർഡ് കത്തോലിക്ക സന്യാസിനിക്ക്

സ്വന്തം ലേഖകന്‍ 09-03-2019 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉന്നത പുരസ്ക്കാരമായ അന്താരാഷ്ട്ര നിര്‍ഭയ അവാർഡ് ഐറിഷ് കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ ഒർലാ ട്രിയേസിക്ക്. തെക്കൻ സുഡാനിലെ യുവതികൾക്ക് വിദ്യാഭ്യാസം നൽകാനായി ജീവിതം സമർപ്പിച്ച സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡ്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപാണ് അവാര്‍ഡ് സമ്മനിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലെസ്ഡ് വെർജിൻ മേരി എന്ന സന്യാസിനി സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ഒർലാ ട്രിയേസി.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു ഒരു പതിറ്റാണ്ടായി സുഡാനിലെ ജനങ്ങൾക്ക് ശുശ്രൂഷചെയ്തു അവർക്കൊപ്പമാണ് സിസ്റ്റർ ഒർലാ ജീവിക്കുന്നത്. വികസ്വര രാജ്യമായ സുഡാനില്‍ സ്ത്രീകൾക്ക് സാധാരണയായി വിദ്യാഭ്യാസം ലഭിക്കാറില്ല. സിസ്റ്റർ ഒർലാ ട്രിയേസിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തെയാണ് ശാക്തീകരിച്ചുക്കൊണ്ടിരിക്കുന്നത്. ലൊറേറ്റോ എന്ന സ്കൂളിലെ പ്രഥമാധ്യാപിക കൂടിയാണ് സിസ്റ്റർ ഒർലാ ട്രിയേസി. ആഭ്യന്തര യുദ്ധത്തിനിടെ നിർബന്ധപൂർവ്വം നടത്തുന്ന വിവാഹത്തിൽനിന്നും സിസ്റ്റർ ട്രിയേസി തന്റെ വിദ്യാർത്ഥികൾക്ക് സംരക്ഷണം തീര്‍ക്കുന്നുണ്ട്.

തങ്ങളുടെ പെൺമക്കൾക്ക് വിദ്യാഭ്യാസം വേണം എന്ന് അവരുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുന്നതാണ് താൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അൽജസീറ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ പറഞ്ഞു. സമാധാനവും, നീതിയും, മനുഷ്യാവകാശവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന വനിതകൾക്കായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന അവാർഡാണ് അന്താരാഷ്ട്ര നിര്‍ഭയ അവാർഡ്. തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്തുത അവാർഡ് നൽകുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ യു‌എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സന്നിഹിതനായിരിന്നു.


Related Articles »