India - 2024

സഹായിക്കാനെന്നെ പേരില്‍ രൂപീകരിച്ച സംഘടന സഭയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗം: മേജര്‍ സുപ്പീരിയര്‍മാര്‍

സ്വന്തം ലേഖകന്‍ 13-03-2019 - Wednesday

കൊച്ചി: തങ്ങളെ സഹായിക്കാനെന്നെ പേരില്‍ രൂപീകരിച്ച സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് (എസ്ഒഎസ്) എന്ന സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ലായെന്നും ചിലരുടെ സ്വാര്‍ഥതാത്പര്യത്തെ മുന്‍നിര്‍ത്തിയും സഭയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാഹ്യശക്തികളുടെ പിന്തുണയോടും കൂടി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും കേരള കത്തോലിക്കാ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ കോണ്‍ഫറന്‍സ്. കേരളത്തിലെ സമര്‍പ്പിതര്‍, വിശിഷ്യ സന്ന്യാസിനികള്‍ നിസഹായരും നിരാലംബരുമാണെന്ന മുന്‍വിധിയോടെ അവരെ രക്ഷിക്കാനെന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഈ സംഘടന സത്യത്തില്‍, സന്ന്യാസത്തെയും സമര്‍പ്പിതരെയും അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വിലയിരുത്തി.

കേരളസഭയിലെ മുപ്പതിനാലായിരത്തോളം സന്യസ്തര്‍ സഭയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളെയും സാമൂഹിക സേവനരംഗങ്ങളെയും കരുതലിന്റെ ശുശ്രൂഷാ വേദികളും മികവിന്റെ കേന്ദ്രങ്ങളുമാക്കിത്തീര്‍ക്കുന്നതില്‍ സുപ്രധാന പങ്കാണു വഹിക്കുന്നത്. പൊതുസമൂഹം നല്കുന്ന സ്‌നേഹാദരങ്ങളില്‍ സന്തോഷവും കൃതജ്ഞതയുമുണ്ട്. എങ്കിലും സന്യാസത്തെയും സമര്‍പ്പിത ജീവിതത്തെയും വികലമായി ചിത്രീകരിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണത സമീപകാലത്തു വര്‍ധിച്ചു വരുന്നതില്‍ ആശങ്കയും പ്രതിഷേധവുമുണ്ട്.

ജീവിതത്തെ പൂര്‍ണമായും പ്രാര്‍ത്ഥനയ്ക്കും മാനവസേവനത്തിനുമായി സമര്‍പ്പിച്ചു സമൂഹജീവിതം നയിക്കുന്നവരാണു സന്യസ്തര്‍. അടുത്തകാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങളും സന്യാസവ്രതങ്ങളോടും നിയമങ്ങളോടും നീതിപുലര്‍ത്തി ജീവിക്കാന്‍ കഴിയാത്ത ചിലരുടെ വാക്കുകളും ഏറ്റെടുത്ത് അതിനെ സാമാന്യവത്കരിക്കുകയും സന്യസ്തരുടെ ബ്രഹ്മചര്യസമര്‍പ്പണത്തെയും അനുസരണത്തെയും അധിക്ഷേപിക്കുകയും അസത്യങ്ങളും അര്‍ധസത്യങ്ങളും ഉന്നയിച്ച് മാധ്യമവിചാരണ നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു.

ആദിമ ക്രൈസ്തവരുടെ അരൂപിയില്‍ എല്ലാവരും അധ്വാനിക്കുകയും സന്യാസസമൂഹത്തിനുള്ള സകലതും പൊതുവായി കരുതി വ്യക്തിജീവിതത്തില്‍ ദാരിദ്ര്യവും വിരക്തിയും പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആധുനിക ലോകത്തിന് അവിശ്വസനീയമായി തോന്നുന്നുവെങ്കില്‍ അതിനു സന്യാസജീവിതത്തെയോ സഭയെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സിനിമയിലും സാഹിത്യത്തിലും സന്യാസജീവിതത്തെ വികലമായി ചിത്രീകരിക്കുകയും സംസ്‌കാരത്തിനു യോജിക്കാത്തവിധം ദുഷ്പ്രചാരണം നടത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നത് ഏറെ വേദനാജനകമാണ്.

സന്യസ്തരെ ലോകത്തിന്റെ പ്രവണതകള്‍ക്കനുസരിച്ച് മാറ്റിയെടുക്കാനുള്ള ശ്രമം ശരിയല്ല. സന്യസ്തരുടെ മനുഷ്യാവകാശത്തെയും വിമോചനത്തെയും കുറിച്ച് വാചാലരാകുന്ന മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരെന്നവകാശപ്പെടുന്നവരും ഇക്കാര്യം കാണാതിരിക്കരുത്. നിശബ്ദത സന്യസ്തരുടെ ആത്മീയതയുടെ ഭാഗമായിരിക്കെ, അതിനെ ബലഹീനതയുടെ അടയാളമായി കണക്കാക്കി തങ്ങളെയും കത്തോലിക്കാസഭയെയും അവഹേളിക്കാന്‍ ഇനിയും ഇക്കൂട്ടര്‍ തുനിയുകയാണെങ്കില്‍ അതിനെതിരേ പരസ്യമായി പ്രതിഷേധിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും കെസിഎംഎസ് നിര്‍ബന്ധിതരാകും.

സന്യാസ സമൂഹങ്ങളുടെ നിയമാവലിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ മേജര്‍ സുപ്പീരിയര്‍മാരിലാണു സന്യാസ സമൂഹങ്ങളുടെ നയപരവും സാന്പത്തികവും ഭരണപരവുമായ ഉത്തരവാദിത്വങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നത്. തങ്ങളെ വൈദികരുടെയോ മെത്രാന്മാരുടെയോ അടിമകളായി ചിത്രീകരിക്കുന്നത് അപലപനീയവും ഇകഴ്ത്തുന്നതിനു തുല്യവുമാണ്. സന്യാസ സമൂഹങ്ങളുടെ ആഭ്യന്തര കാര്യങ്ങളുടെ നടത്തിപ്പു പൂര്‍ണമായും സന്ന്യസ്തരില്‍ നിക്ഷിപ്തമാണ്.

സമര്‍പ്പിത ജീവിതം നയിക്കുന്നവരില്‍ ചിലര്‍ മനുഷസഹജമായ ബലഹീനതമൂലം സന്യാസജീവിതത്തിന്റെ സംശുദ്ധി കൈവിടുന്നതു സങ്കടകരമായ കാര്യമാണ്. വ്രതവാഗ്ദാനങ്ങളനുസരിച്ചു ജീവിക്കാന്‍ പരാജയപ്പെട്ട ചിലര്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പുരോഗമന പരിവേഷമണിഞ്ഞ് സഭയെയും സന്യാസത്തെയും അധിക്ഷേപിക്കുന്ന പ്രവൃത്തിയെ ആദര്‍ശവത്കരിക്കുന്ന പ്രവണത സഭയ്ക്കും സമൂഹത്തിനും അപകടകരമാണ്. ആര്‍ഷഭാരതത്തിന്റെ ആത്മാവ് സന്ന്യാസ ജീവിതത്തിന്റെ മൂല്യങ്ങളോട് ചേര്‍ന്നുനില്ക്കുന്നതാണ് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ 274 മേജര്‍ സുപ്പീരിയര്‍മാര്‍ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം യോഗം ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കെസിഎംഎസ് വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ പ്രമേയം അവതരിപ്പിച്ചു.


Related Articles »