News - 2025
സ്നാപക യോഹന്നാന്‍ ശിരച്ഛേദം ചെയ്യപ്പെട്ട കോട്ടയുടെ പുനരുദ്ധാരണം പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍ 18-03-2019 - Monday
അമ്മാന്‍, ജോര്‍ദ്ദാന്‍: അര നൂറ്റാണ്ട് നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ ശിരച്ഛേദം ചെയ്യപ്പെട്ട മാച്ചേരസ് കോട്ടയുടെ പുനരുദ്ധാരണം പൂര്‍ത്തിയായി. ഹംഗേറിയന്‍ പുരാവസ്തുഗവേഷകനും, പുനരുദ്ധാരണ പദ്ധതിയുടെ തലവനുമായ ഗ്യോസോ വോറോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അമ്മാനിലെ അമേരിക്കന്‍ സെന്റര്‍ ഓഫ് ഓറിയന്റല്‍ റിസേര്‍ച്ചില്‍ പദ്ധതിയെപ്പറ്റിയുള്ള ‘ മാച്ചേരസ് III’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മാച്ചേരസ് കോട്ടയെ ആധികാരികവും വിശ്വസനീയവുമായ ഒരു ചരിത്രസ്ഥലവും, ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രവുമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പൂര്‍ത്തിയായതായി പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ വോറോസ് പറഞ്ഞു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ മറഞ്ഞു കിടന്നതിനു ശേഷം വീണ്ടെടുക്കപ്പെട്ട ഒരു ചരിത്ര യഥാര്‍ത്ഥ്യമെന്നാണ് അദ്ദേഹം മാച്ചേരസ് കോട്ടയെ വിശേഷിപ്പിച്ചത്. എഡി 28-36 വര്‍ഷങ്ങള്‍ക്കിടെ യോഹന്നാന്റെ ശിരച്ഛേദം നടന്നതെന്നാണ് പുരാവസ്തുഗവേഷകര്‍ അനുമാനിക്കുന്നത്. ജോര്‍ദ്ദാന്‍ നദിയുടെ ഉത്ഭവസ്ഥാനത്തിന് തെക്ക്-കിഴക്കായും ചാവ് കടലിന്റെ കിഴക്ക് ഭാഗത്തായും സ്ഥിതിചെയ്യുന്ന മലമുകളിലുള്ള പ്രദേശമാണ് മാച്ചേരസ് സ്ഥിതി ചെയ്യുന്നത്.