News

ഇന്തോനേഷ്യന്‍ കത്തോലിക്കരുടെ ജീവിതത്തിന്റെ ഭാഗമായി ‘ഇകതോലിക്’ ആപ്പ്

സ്വന്തം ലേഖകന്‍ 20-03-2019 - Wednesday

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ കത്തോലിക്കരുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായി മാറിയ ‘ഇകതോലിക്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ജാവയുടെ കിഴക്ക് ഭാഗത്തുള്ള സുരബായ ഇടവകാംഗമായ ബെര്‍ണാഡസ് ഡൊമിനിക്കസ് എന്ന മുപ്പത്തിനാലുകാരനായ യുവ പ്രോഗ്രാമര്‍ വികസിപ്പിച്ചെടുത്ത ‘ഇകതോലിക്’ (eKatolik) മൊബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്തുലക്ഷത്തോളം മൊബൈലുകളിലാണ് ഈ ആപ്പ് ഇതിനോടകം ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

ബൈബിള്‍ വായനകളും, ദിവസം തോറുമുള്ള വിചിന്തനങ്ങളും, ആരാധന ദിനസൂചികകളും, വിശുദ്ധരുടെ ജീവചരിത്രവും വിരല്‍ തുമ്പില്‍ ലഭ്യമാക്കിക്കൊണ്ടാണ് ‘ഇകതോലിക്’ആപ്പിന്റെ പ്രവര്‍ത്തനം. എളുപ്പത്തില്‍ ബൈബിള്‍ ലഭ്യമാക്കുക എന്ന ചിന്തയില്‍ നിന്നുമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതെന്ന് ഡൊമിനിക്കസ് പറയുന്നു. തുടക്കത്തില്‍ വളരെക്കുറച്ച് പേര്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരിന്നത്. ആപ്ലിക്കേഷന്‍ കൂടുതല്‍ വികസിപ്പിക്കുവാന്‍ ഒരു കത്തോലിക്കാ അഭ്യുദയകാംക്ഷി നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് വിപുലമായ വിധത്തില്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ദിവസം തോറുമുള്ള ബൈബിള്‍ വിചിന്തനങ്ങള്‍, വിശുദ്ധ കുര്‍ബാന സമയങ്ങള്‍, ഡെയിലി ഫ്രഷ് ജ്യൂസ് എന്ന് വിളിക്കുന്ന പോഡ്കാസ്റ്റ് തുടങ്ങിയ കൂട്ടിച്ചേര്‍ത്തത് 2014ലാണ്. ഒരു വര്‍ഷത്തിനു ശേഷം വിശുദ്ധ കുര്‍ബാന, ബലിയര്‍പ്പണത്തിലെ പാട്ടുകള്‍, ത്രികാലജപം ഓര്‍മ്മിപ്പിക്കുവാനുള്ള അലാറം തുടങ്ങിയവ ആപ്ലിക്കേഷന്റെ കൂടെ ചേര്‍ത്തു. ഇന്തോനേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബൈബിള്‍ തര്‍ജ്ജമയുള്ള ‘ഇന്തോനേഷ്യ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റേയും പുസ്തക പ്രസാധകരുടേയും സഹായത്തോടെയാണ് ദിവസംതോറുമുള്ള വചന വിചിന്തനങ്ങള്‍ ആപ്പില്‍ ലഭ്യമാകുന്നത്.

ഇതിനു പുറമേ, കോമ്പാക് എന്ന കൂട്ടായ്മയുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ദിവ്യകര്‍മ്മങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലേക്കുള്ള പ്രവേശനം, വിശുദ്ധ കുര്‍ബാന നടക്കുന്ന ഏറ്റവുമടുത്ത സ്ഥലം തുടങ്ങിയ ഫീച്ചറുകള്‍ ഇനിയും ആപ്പില്‍ ഉള്‍പ്പെടുത്താനുണ്ടെന്നാണ് ഡൊമിനിക്കസ് പറയുന്നത്. ക്രിസ്തുവിനെ നല്‍കിക്കൊണ്ടുള്ള ബൈബിള്‍ ആപ്പിന്റെ വന്‍ വിജയത്തോടെ തങ്ങളുടെ ആപ്പ് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നിരവധി കമ്പനികള്‍ തന്നെ സമീപിക്കുന്നുണ്ടെന്നും ഡൊമിനിക്കസ് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു.


Related Articles »