News - 2024

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം

സ്വന്തം ലേഖകന്‍ 23-03-2019 - Saturday

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാഞ്ച് ഗച്ചിയ ഗ്രാമത്തില്‍ സ്വകാര്യ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കിയ ഫുള്‍ ഗോസ്പല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പാസ്റ്റര്‍ ആനന്ദ് ഹരി മാരകമായ പരിക്കുകളാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. പാസ്റ്റര്‍ ആനന്ദ് ഹരിക്ക് പുറമേ 8 സ്ത്രീകളും, 2 കൗമാരക്കാരുമായിരുന്നു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ബര്‍ധമാന്‍ ജില്ലയിലെ പാഞ്ച് ഗച്ചിയായില്‍ പ്രാദേശിക സമയം 7 മണിയോടെയായിരുന്നു ആക്രമണം. സ്ത്രീകളും ആക്രമണത്തിനിരയായെന്നാണ് ഇന്ത്യയിലെ മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന പേഴ്സെക്ക്യൂഷന്‍ റിലീഫ് എന്ന സംഘടനയുടെ സ്ഥാപകനായ ഷിബു തോമസ്‌ പറയുന്നത്. പ്രാര്‍ത്ഥനായോഗം ആരംഭിച്ച് 15-20 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ 20 പേര്‍ അടങ്ങുന്ന ആക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി പങ്കെടുത്തുകൊണ്ടിരുന്നവരെ അകാരണമായി ആക്രമിക്കുകയായിരുന്നു. മുഷ്ടികൊണ്ടും വടികൊണ്ടുമായിരുന്നു ആക്രമണം.

മുറിവേറ്റവരെ അവിടെത്തന്നെ ഉപേക്ഷിച്ചിട്ടാണ് അക്രമികള്‍ പോയത്. സംഭവമറിഞ്ഞ് ആളുകള്‍ എത്തിയതിനു ശേഷമാണ് മുറിവേറ്റ പാസ്റ്ററെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗികള്‍ക്കും, സ്വന്തം കുടുംബത്തിനും, രാഷ്ട്രത്തിനും, രാഷ്ട്രീയക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തെറ്റാണോ എന്നാണ് ഷിബു തോമസ്‌ ചോദിക്കുന്നു. അതേസമയം ഇന്ത്യന്‍ ഭരണഘടന മത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്വകാര്യ ഭവനങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത് പോലും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ ആശങ്കാകുലരാണ് പ്രദേശവാസികള്‍.


Related Articles »