India - 2024

ജീവന്റെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനയോടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

സ്വന്തം ലേഖകന്‍ 24-03-2019 - Sunday

മൂവാറ്റുപുഴ: മനുഷ്യജീവന്റെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിബിസി പ്രോ ലൈഫ് സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും (ലവീത്ത2019) മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവനെതിരേ നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദരത്തില്‍ വച്ചു തന്നെ ശിശുക്കള്‍ കൊലചെയ്യപ്പെടുന്നു.ആത്മഹത്യയും കൊലപാതകങ്ങളും വര്‍ധിക്കുന്‌പോള്‍ ജീവന്റെ മഹത്വം മുന്നില്‍നിന്നു പ്രഘോഷിക്കാന്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതു ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജീവസമൃദ്ധിയുടെ പ്രബോധനം വ്യാപകമായി നല്‍കുന്നതോടൊപ്പം ജീവന്റെ സംരക്ഷണ ശുശ്രൂഷകളും സജീവമായി നിര്‍വഹിക്കാന്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നത് അഭിനന്ദാര്‍ഹമാണെന്ന് അധ്യക്ഷത വഹിച്ച മൂവാറ്റുപുഴ രൂപത സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പറഞ്ഞു.

സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ആമുഖപ്രഭാഷണവും സംസ്ഥാനപ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണവും നടത്തി. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ ക്ലാസ് നയിച്ചു. എറണാകുളം മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, മേഖല പ്രസിഡന്റ് ജോണ്‍സണ്‍ ഡി. ഏബ്രഹാം, അഡ്വ.തോമസ് മാത്യു, മോളി ജോര്‍ജ്, ജോണി ഇലവുംകുടി എന്നിവര്‍ പ്രസംഗിച്ചു.

ഗര്‍ഭിണികളെ മേരി കെയര്‍ മിഷന്റെ ഭാഗമായി ആദരിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മികച്ച ശുശ്രൂഷകള്‍ ചെയ്യുന്ന ജൂഡ്‌സണ്‍ (സാമൂഹ്യസേവനം), മാര്‍ട്ടിന്‍ ന്യൂനസ് (ജീവസമൃദ്ധി), ബിന്ദു ഓടക്കല്‍ (ജീവകാരുണ്യം), ഡോ. മാത്യു നന്‌പേലില്‍ (പാലിയേറ്റീവ്), സോജിമരിയ ദന്പതികള്‍ (ബേത് ലഹേം സ്‌കൂള്‍ ഓഫ് ഗ്രേസ്) എന്നിവരെയും ആതുരശുശ്രൂഷ രംഗത്തു പുതുജീവന്‍ പകരുന്ന കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റല്‍ അധികൃതരെയും ആദരിച്ചു. സംസ്ഥാന, മേഖല, രൂപത നേതാക്കള്‍ നേതൃത്വം നല്‍കി. പ്രോലൈഫ് എക്‌സിബിഷനും സ്‌നേഹവിരുന്നും നടന്നു. കേരളത്തിലെ അഞ്ച് മേഖലകളിലെ 32 രൂപതകളില്‍നിന്നുള്ള പ്രോ ലൈഫ് പ്രവര്‍ത്തകര്‍ പ്രതിനിധികളായി പങ്കെടുത്തു.


Related Articles »