India - 2024

മലയാറ്റൂര്‍ കുരിശുമുടിയില്‍ ഫൊറോനകളുടെ നേതൃത്വത്തില്‍ മലകയറ്റത്തിനു ആരംഭം

സ്വന്തം ലേഖകന്‍ 25-03-2019 - Monday

കാലടി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലകയറ്റത്തിനു തുടക്കമായി. മലയാറ്റൂര്‍, എറണാകുളം, കറുകുറ്റി, മൂഴിക്കുളം എന്നീ ഫൊറോനകളിലെ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തിലാണ് മലകയറിയത്. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി (താഴത്തെ പള്ളി) വികാരി ഫാ. വര്‍ഗീസ് മണവാളന്‍ ആമുഖപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് ഫാ. രാജന്‍ പുന്നയ്ക്കല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. സൈമണ്‍ പള്ളുപ്പേട്ട എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മലകയറി.

കുരിശുമുടിയിലെ സന്നിധിയില്‍ തിരുക്കര്‍മങ്ങളും നടന്നു. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. നോമ്പു ദിവസങ്ങളില്‍ രാവിലെ 9.30ന് കുരിശുമുടിയില്‍ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടാകും. കുരിശുമുടിയില്‍ രാവിലെ 5.30, 7.30, 9.30 എന്നീ സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും. രാത്രിയിലും പകലും വിശ്വാസികള്‍ക്കു കുരിശുമുടി കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശുദ്ധവാരം വരെയുള്ള ഞായറാഴ്ചകളില്‍ വിവിധ ഫൊറോനകളില്‍ നിന്നുള്ള വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമുടി കയറും. മാര്‍ച്ച് 31 ന് ഇടപ്പള്ളി, മൂക്കന്നൂര്‍, പള്ളിപ്പുറം, ഏപ്രില്‍ ഏഴിന് വല്ലം, മഞ്ഞപ്ര, കാഞ്ഞൂര്‍, ചേര്‍ത്തല, തൃപ്പുണിത്തറ, ഏഴിന് പറവൂര്‍, കൊരട്ടി, വൈക്കം, അങ്കമാലി, കിഴക്കന്പലം എന്നീ ഫൊറോനകളിലെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമുടി കയറും.


Related Articles »