News - 2024
അന്ധത ഭാവിക്കരുത്: ആഫ്രിക്കയിലേക്കുള്ള ഐഎസ് വ്യാപനം തടയണമെന്ന് ഹംഗറി
സ്വന്തം ലേഖകന്‍ 19-09-2019 - Thursday
ബുഡാപെസ്റ്റ്: മതപീഡനം അനിയന്ത്രിതമായ കുടിയേറ്റത്തിന് കാരണമാകുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഫ്രിക്കയിലേക്കുള്ള വ്യാപനം തടയണമെന്ന ആവശ്യവുമായി യൂറോപ്യന്‍ പാര്‍ലമെന്റിലെ ഹംഗറിയുടെ പ്രതിനിധി. ബുര്‍ക്കിനാ ഫാസോയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ വിളിച്ചു ചേര്‍ത്ത യൂറോപ്പ്യന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ്ണ യോഗത്തിലാണ് ഹംഗറിയുടെ ഭരണകക്ഷിയായ ഫിദേസ് കെ.ഡി.എന്നിന്റെ ഭാഗമായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയംഗം ഗിയോര്‍ഗി ഹോള്‍വെനി ഈ ആവശ്യമുന്നയിച്ചത്.
മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും സ്വാധീനം വിട്ടൊഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് സാഹെല്‍ മേഖലയിലെ സുരക്ഷ കുറവായ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണെന്ന് ഗിയോര്‍ഗി പറഞ്ഞു. ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളിലുണ്ടായ നാടകീയമായ വര്‍ദ്ധനവും അദ്ദേഹം ചൂണ്ടിക്കാട്ടി. സലേഷ്യന്‍ സഭാംഗവും സ്പെയിന്‍ സ്വദേശിയുമായ അന്റോണിയോ സെസാര്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ മൂന്ന്‍ മിഷ്ണറിമാരടക്കം 57 പേരെയുമാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ അന്ധത ഭാവിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ അമിതമായ നിഷ്പക്ഷത വെടിഞ്ഞാല്‍ മാത്രമേ ഇതിനൊരു പരിഹാരമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ മേഖലയിലെ സുരക്ഷാപരവും സാമൂഹ്യപരവുമായ കാര്യങ്ങളില്‍ ക്രിസ്തീയ സഭകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന കാര്യവും ഗിയോര്‍ഗി യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവ വിശ്വാസം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹവും യൂറോപ്യന്‍ പാര്‍ലമെന്റും അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ട സമയമായെന്നാണ് ഗിയോര്‍ഗിയുടെ പ്രസ്താവനയെ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.