News
ഭൂകമ്പത്തിനിരയായ ഇക്വഡോറില്‍ പ്രവര്‍ത്തനനിരതരായി കത്തോലിക്ക സംഘടനകള്‍
സ്വന്തം ലേഖകന്‍ 28-04-2016 - Thursday
ഇക്വഡോര്‍: കഴിഞ്ഞ 7 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനിരയായ തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഭൂകമ്പം മൂലം ഭവനരഹിതരായ ആയിരകണക്കിന് ആളുകള്‍ക്കായി കത്തോലിക്കാ പ്രവര്‍ത്തക സംഘങ്ങള്‍ താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി.
ഏപ്രില്‍ 16ന്, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പസിഫിക്ക് തീരത്തുള്ള മുയിസ്നെ നഗരത്തിനു സമീപമുള്ള പ്രദേശങ്ങളേയാണ് കൂടുതലായും ബാധിച്ചത്. ദുരന്തത്തിന് പിന്നാലെ മരണ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 3,50,000 ത്തോളം ആളുകളെ ഈ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നും, ഇതില്‍ ഏതാണ്ട് 26,000 പേര്‍ക്ക് സ്വന്തം ഭവനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട കണക്കില്‍ സൂചിപ്പിക്കുന്നു.
ഇതിനകം തന്നെ കത്തോലിക്കസഭയുടെ സന്നദ്ധ സംഘടനകള്‍, ഭക്ഷണം, കുടിവെള്ളം, കിടക്ക തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്. ഭൂകമ്പം മൂലം റോഡുകളും, ടെലിഫോണ്‍ ലൈനുകളും താറുമാറായാതിനാല്‍ ഒറ്റപ്പെട്ട നിലയില്‍ കഴിയുന്ന പ്രദേശങ്ങളിലെ ആളുകളുമായി ബന്ധപ്പെടുവാന്‍ ശ്രമം നടത്തി വരികയാണ്.
“ഇതുവരെ ഏതാണ്ട് 696 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്, ഇതേ തുടര്‍ന്നുണ്ടാകാവുന്ന മാനസിക-സാമൂഹ്യ പ്രശ്നങ്ങള്‍ വളരെ ഗുരുതരമായിരിക്കുമെന്ന്‍ തെക്കേ അമേരിക്കയിലെ കത്തോലിക്കാ റിലീഫ് സര്‍വീസിന്റെ ഡയറക്ടര്‍ ആയ തോമസ് ഹോളിവുഡ് സൂചിപ്പിച്ചു. താല്‍ക്കാലിക ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന ഏതാണ്ട് 10,000ത്തോളം ടാര്‍പ്പുകളും, ശുദ്ധജലം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഹൈജീന്‍ കിറ്റുകളും, കൂടാതെ കൌണ്‍സലിങ് സെന്‍ററുമായി CRS ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതമാണെന്ന് തോമസ് ഹോളിവുഡ് പറഞ്ഞു.
കോളറ പോലെയുള്ള സാംക്രമിക രോഗങ്ങളുടെ സാദ്ധ്യതയേക്കുറിച്ചു അദ്ദേഹം തന്റെ ആശങ്ക രേഖപ്പെടുത്തി. ഇതിനിടെ എല്‍-നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം ശക്തമായ മഴ രക്ഷപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. “ഭൂകമ്പത്തിനു ശേഷമുണ്ടാകാറുള്ള ചെറിയ കുലുക്കങ്ങളെ പേടിച്ചു ആയിരക്കണക്കിന് ആളുകള്‍ വീടുകള്‍ക്ക് പുറത്താണ് ഉറങ്ങുന്നത്. ഇത്തരം ചെറിയ ഭൂമികുലുക്കങ്ങള്‍ വരെ ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്” പ്രോട്ടോവീജോ രൂപതയിലെ പുരോഹിതനായ ഫാദര്‍ വാള്‍ട്ടര്‍ കൊറോണെല്‍ പറഞ്ഞു.
“ജനങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണ്, അവര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല, എങ്കിലും കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ഭക്ഷണം, കിടക്ക, മരുന്നുകള്‍ തുടങ്ങി ആവശ്യ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളുകള്‍, കോണ്‍വെന്റുകള്‍, ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് 10 ദശലക്ഷം ഡോളറിന്റെ നഷ്ടം സഭയുടെ വസ്തുവകകളില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്ന്‍ U.S ബിഷപ്പ്സ് ഓഫീസിലെ ഗ്രാന്റ്സ് സ്പെഷ്യലിസ്റ്റായ കെവിന്‍ ഡെ അറിയിച്ചു.