Faith And Reason - 2024

ദിവ്യകാരുണ്യത്തോടുള്ള അവിശ്വാസ മനോഭാവത്തിനെതിരെ കല്‍ദായ വൈദികന്‍

പ്രവാചക ശബ്ദം 16-06-2020 - Tuesday

കാലിഫോര്‍ണിയ: ദിവ്യകാരുണ്യത്തിലെ വിശ്വാസമില്ലായ്മക്കെതിരെ പ്രതികരണവുമായി കല്‍ദായ വൈദികന്‍ ഫാ. സിമോണ്‍ എസ്ഷാക്കി പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അവിശ്വാസം മുന്‍കാലങ്ങളിലും സജീവമായിരിന്നുവെന്നും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തിലുള്ള അവിശ്വാസവും അജ്ഞതയും മാറേണ്ടതുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവന്ന പ്യൂ പഠനഫലത്തെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നു. പഠനഫലത്തില്‍ ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിദ്ധ്യത്തില്‍ അമേരിക്കയിലെ നിരവധി പേര്‍ക്കും വിശ്വാസമില്ലെന്നു വ്യക്തമായിരിന്നു.

പഠനഫലം അടയാളമാണെന്നു പറഞ്ഞുകൊണ്ടാണ് ഫാ. എസ്ഷാക്കിയുടെ വീഡിയോ ആരംഭിക്കുന്നത്. ഈ രഹസ്യം മനസ്സിലായില്ലെങ്കിലും, വിശ്വാസത്തില്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വൈദികന്‍ ചൂണ്ടിക്കാണിക്കുന്നു. “ഇതില്‍ അതിശയപ്പെടാനൊന്നുമില്ല, യേശുവിന്റെ കാലത്തുപോലും യേശുവിന്റെ ശിഷ്യര്‍ എന്ന് അവകാശപ്പെട്ടിരുന്ന ചിലര്‍ ഇതില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് യേശുവിനെ വിട്ടു പോയിരുന്നു” . “നിങ്ങളും എന്നെ വിട്ടു പോകുവാന്‍ ആഗ്രഹിക്കുന്നോ?” എന്ന ശിഷ്യന്‍മാരോടുള്ള യേശുവിന്റെ ചോദ്യത്തിന്, “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും” എന്നാണു 12 ശിഷ്യന്‍മാര്‍ക്കും വേണ്ടി പത്രോസ് ഉത്തരം നല്‍കിയതെന്ന കാര്യവും ഫാ. എസ്ഷാക്കി ചൂണ്ടിക്കാട്ടി.

ദിവ്യകാരുണ്യത്തിന്റെ മഹാരഹസ്യം നിങ്ങള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ ഓടിപ്പോകരുതെന്നാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്. അനന്ത സ്നേഹമായ ദൈവം നമ്മളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുവാന്‍ ഏത് നടപടിയും സ്വീകരിക്കും. നമുക്ക് ഭക്ഷിച്ച് നിത്യ ജീവന്‍ പ്രാപിക്കുന്നതിനായി അവന്‍ കേവലം അപ്പമായി മാറി. ദിവ്യകാരുണ്യ നാഥന് നന്ദി പറയുകയും, സകലര്‍ക്കും വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആശംസിക്കുകയും ചെയ്തുകൊണ്ടാണ് ഫാ. എസ്ഷാക്കിയുടെ വീഡിയോ അവസാനിക്കുന്നത്. നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അനേകരിലേക്ക് സുവിശേഷം എത്തിക്കുന്ന വൈദികനാണ് ഫാ. സിമോണ്‍ എസ്ഷാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 36