Faith And Reason
പ്രതിബന്ധങ്ങള്‍ക്കിടയിലും സുവിശേഷവത്കരണം ഊർജ്ജിതമാക്കി ക്ലരീഷ്യൻ സഭ
പ്രവാചക ശബ്ദം 25-07-2020 - Saturday
ഹോങ്കോങ്ങ്: കോവിഡ് 19 രൂക്ഷമായിരിക്കുന്ന ഈ നാളുകളിലും മിഷന്‍ പ്രവര്‍ത്തനങ്ങളോടൊപ്പം സുവിശേഷവത്കരണ ദൗത്യം ശക്തമാക്കി ക്ലരീഷ്യൻ സഭ. പ്രധാനമായും ആത്മീയ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും, വിതരണത്തിലൂടെയുമാണ് ക്ലരീഷ്യൻ സഭ സത്യ വിശ്വാസം തിരിച്ചറിയാത്ത ആളുകള്‍ക്ക് ക്രിസ്തുവിനെ പകർന്നു നൽകുന്നത്. സഭയുടെ പ്രസാധകരായ ക്ലാരറ്റ് പബ്ലിഷിംഗ് ഗ്രൂപ്പിന് എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യമുണ്ട്. വർഷംതോറും പ്രസിദ്ധീകരിക്കുന്ന ലക്ഷക്കണക്കിന് കോപ്പികളുടെ വിതരണമുള്ള പുസ്തകമാണ് 'ദി ബൈബിൾ ഡയറി'. 35 വർഷങ്ങൾക്ക് മുന്‍പ് ഫിലിപ്പീൻസിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഇതേ പ്രസാധകരുടെ 'ദി ഗോസ്പൽ ഓഫ് ദി ഡേ' പല രാജ്യങ്ങളിലും വിൽപ്പനയിൽ മുൻപന്തിയിൽ തന്നെയാണ്.
രണ്ടു പ്രസിദ്ധീകരണങ്ങളുടേയും 10 ലക്ഷം കോപ്പികളാണ് ഓരോ വർഷവും 23 ഭാഷകളിൽ ഇറങ്ങുന്നത്. കഴിഞ്ഞവർഷം ബർമീസ് ഭാഷയിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മ്യാൻമറിലെ സഭയുടെ പിന്തുണയോടുകൂടി ആറായിരം കോപ്പി ബൈബിൾ ഡയറിയാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചതെന്ന് ഹോങ്കോങ്ങിൽ മിഷ്ണറി ആയി സേവനം ചെയ്യുന്ന ക്ലരീഷ്യൻ വൈദികനും മലയാളിയുമായ ഫാ. ജോസ് ചെറുകര പറഞ്ഞു. ഈ വർഷം രണ്ടു ആഫ്രിക്കൻ ഭാഷകളിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് ഭാഷയിലുള്ള ഒരു പുതിയ ബൈബിൾ പതിപ്പും അടുത്തവർഷം ഇറങ്ങുന്നുണ്ട്.
ഫിലിപ്പീൻസിൽ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാർഷിക ആഘോഷങ്ങൾ അടുത്തവർഷം നടക്കുന്നതിനാൽ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും ക്ലരീഷ്യൻ സഭ നടത്തുന്നുണ്ട്. സഭയുടെ സ്ഥാപകനായ അന്തോണി ക്ലാരറ്റിന്റെ മാതൃക പിന്തുടർന്നാണ് പുസ്തകങ്ങൾ അടക്കമുള്ള മാധ്യമങ്ങളിലൂടെ തങ്ങൾ സുവിശേഷവത്കരണം നടത്തുന്നതെന്ന് കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായ ഫാ. മാത്യു വട്ടമറ്റം പറഞ്ഞു. കൊറോണ വ്യാപനം തങ്ങളെയും ബാധിച്ചെങ്കിലും ലോകമെമ്പാടുമുള്ള സഭയുടെ പുസ്തകശാലകൾ തുറന്നു തന്നെയാണ് കിടക്കുന്നതെന്ന് എഡിറ്റോറിയൽ ബോർഡിലുള്ള ആൽബർട്ടോ റോസ പറഞ്ഞു. വിവിധ ഭാഷകളിൽ ബൈബിളിന്റെ ഡിജിറ്റൽ പതിപ്പ് ഇറക്കാനുളള ശ്രമമാണ് ഇപ്പോൾ ക്ലരീഷ്യന്‍ സഭ നടത്തിക്കൊണ്ടിരിക്കുന്നത്. 1849 ജൂലൈ 16നു വിശുദ്ധ അന്തോണി മേരി ക്ലാരെറ്റാണ് കോണ്‍ഗ്രിഗേഷന് തുടക്കം കുറിച്ചത്. മലയാളിയായ ഫാ. മാത്യു വട്ടമറ്റമാണ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക