News
ലോകയുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാര്‍പാപ്പയ്ക്കു സുരക്ഷയൊരുക്കുന്നത് പോളണ്ട് സൈന്യം
സ്വന്തം ലേഖകന്‍ 21-05-2016 - Saturday
വാര്‍സോ: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടില്‍ എത്തുന്ന മാര്‍പാപ്പയ്ക്കു സൈന്യം സുരക്ഷ ഒരുക്കും. ദക്ഷിണ പോളണ്ടിലെ ക്രാക്കോവ് എന്ന സ്ഥലത്താണ് ലോക യുവജനസമ്മേളനം നടക്കുന്നത്. ഇതിനായി 600 ഏക്കര്‍ വിസ്താരം വരുന്ന മൈതാനമാണു സഭ തയ്യാറാക്കിയിരിക്കുന്നത്.
ഒരു ഭാഗത്തു കൂടി റോഡു മറുഭാഗത്തു കൂടി പുഴയും ഒഴുകുന്ന ഇവിടെ സുരക്ഷ ഒരുക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ആദ്യം ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍, മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എത്തുന്ന 25 ലക്ഷത്തില്‍ അധികം യുവാക്കളുടെയും പരിശുദ്ധ പിതാവിന്റെയും സുരക്ഷ സൈന്യം ഏറ്റെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ലക്ഷകണക്കിനു യുവാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തെ ജൂണ്‍ 31-നാണ് പാപ്പ അഭിസംബോധന ചെയ്യുന്നത്.
സമ്മേളനം നടക്കുന്ന വേദിയിലേക്കു താല്‍ക്കാലികമായി നാലു പുതിയ പാലങ്ങള്‍ നിര്‍മ്മിക്കും. ഒരു വിഭാഗം യുവാക്കള്‍ക്കു താമസിക്കുന്നതിനായി സൈന്യം തന്നെ ടെന്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കും. കാസയുടെ നേതൃത്വത്തില്‍ രണ്ടു ആംബുലന്‍സ് ഹെലിക്കോപ്റ്ററുകളും നിരവധി ആംബുലന്‍സുകളും അപകടങ്ങള്‍ ഉണ്ടാകുന്ന പക്ഷം നേരിടുവാന്‍ തയ്യാറായി നില്‍ക്കും. ആകാശ നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം സൈന്യം ഏര്‍പ്പെടുത്തുന്നുണ്ട്. 2013-ല്‍ ബ്രസീലിലാണ് അവസാനമായി ലോക യുവജന സമ്മേളനം നടന്നത്.
ജൂലൈ 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണു ലോക യുവജന സമ്മേളനം നടക്കുന്നത്. പരിശുദ്ധ പിതാവ് ജൂലൈ 27-നു തന്നെ പോളണ്ടില്‍ എത്തും. ചേന്‍സ്‌തോഹോവയിലെ മാതാവിന്റെ ദേവാലയം സന്ദര്‍ശിക്കുന്ന പാപ്പ പ്രത്യേകം പ്രാര്‍ത്ഥനകളും ഇവിടെ നടത്തും. ബ്രേഗിയിലെ പുല്‍മൈതാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന അള്‍ത്താരയിലായിരിക്കും പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കുക. യുവജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിത്വമാണ് ഫ്രാൻസിസ് മാര്‍പാപ്പ.