News
ഈജിപ്ഷ്യൻ വിമാനാപകടത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 21-05-2016 - Saturday
വത്തിക്കാന്‍: മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണ ഈജിപ്ഷ്യൻ വിമാനത്തിലെ യാത്രക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കായും ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തി. പാരീസില്‍ നിന്നും ഈജിപ്ത്തിലേക്കുള്ള യാത്രാ മധ്യേയാണു വിമാനം തകര്‍ന്നു വീണത്. വ്യാഴാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ നിന്നും ആരും ജീവനോടെ രക്ഷപെടുവാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ നല്‍കിയ സൂചന. ഈജിപ്ഷന്‍ പ്രസിഡന്റ് അബ്ദുൾ ഫത്ത അല്‍ സിസിക്ക് അയച്ച കത്തിലാണു പാപ്പ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. വേദനയിലിരിക്കുന്നവര്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന സന്ദേശവും പാപ്പ അറിയിച്ചിട്ടുണ്ട്.
പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഈജിപ്ഷന്‍ പ്രസിഡന്റിന് അയച്ച സന്ദേശം ഇങ്ങനെയാണ്. "ഈജിപ്ഷ്യൻ വിമാനത്തിന്റെ ധാരുണമായ അപകടത്തില്‍ പരിശുദ്ധ പിതാവ് ദുഃഖം രേഖപ്പെടുത്തുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കളേയും ഓര്‍ക്കുന്നു. അവര്‍ക്ക് സമാധാനം ദൈവസന്നിധിയിൽ നിന്നും ലഭിക്കട്ടെ. വിവിധ രാജ്യങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യത്തെയും മറ്റു പ്രവര്‍ത്തകരെയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ദൈവം അവരെ ശക്തീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ".
എയര്‍ബസ് എ-320 വിഭാഗത്തില്‍പ്പെടുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 66 യാത്രക്കാരും ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. സാങ്കേതികമായ പിഴവുകള്‍ വിമാനത്തിനുണ്ടായിരുന്നതായി സൂചനകള്‍ ഒന്നും തന്നെയില്ല. സംഭവം തീവ്രവാദ ആക്രമണം ആയിരിക്കുവാനുള്ള സാധ്യതയിലേക്കാണു സാഹചര്യങ്ങള്‍ വിരൽ ചൂണ്ടുന്നത്. വിമാനം തകരുന്നതിനു തൊട്ടു മുമ്പ് കാല്‍ലക്ഷം അടി ഉയരത്തില്‍ നിന്നും കുത്തനെ താഴേക്കും പിന്നീട് മുകളിലേക്കും വിമാനം സഞ്ചരിച്ചതായി റഡാര്‍ വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു തീവ്രവാദ സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്വം ഇത് വരെയും ഏറ്റെടുത്തിട്ടില്ല.
തീവ്രവാദ സംഘടനകള്‍ ഈജിപ്ത്തില്‍ ശക്തമാണ്. ക്രൈസ്തവ സഭകള്‍ക്കു നേരെ ഈജിപ്ത്തില്‍ ആക്രമണം പതിവായ സാഹചര്യമാണുള്ളത്. സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഈജിപ്ത്തിലെ ക്രൈസ്തവര്‍ കുറച്ചു കൂടി സുരക്ഷിതരാണെന്നു പറയപ്പെടുന്നു. എന്നാൽ ഐഎസ് ഭീകരർ ക്രൈസ്തവരെ തലയറുത്തു കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ള രാജ്യം കൂടിയാണ് ഈജിപ്റ്റ്.