News - 2025

പ്രാര്‍ത്ഥനകള്‍ നിരോധിച്ച കൊളംബിയന്‍ ജഡ്ജിയുടെ വിധിക്കെതിരെ വ്യാപക പ്രതിഷേധം; ആയിരങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടുന്നു

സ്വന്തം ലേഖകന്‍ 21-05-2016 - Saturday

ബൊഗോട്ട: കൊളംബിയന്‍ നഗരമായ കാര്‍ട്ടജീനയില്‍ ഓഫീസുകളിലും യോഗങ്ങളിലും മറ്റു പൊതുചടങ്ങുകളിലും പ്രാര്‍ത്ഥന നിരോധിച്ചു കൊണ്ടുള്ള ജഡ്ജി അലിയാന്‍ഡ്രോ ബോണിലയുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. കൊളംബിയയിലെ കത്തോലിക്ക സഭയും മറ്റു പ്രമുഖകരും വിധിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. കത്തോലിക്കരുടെ മാത്രമല്ല മനുഷ്യരുടെ ന്യായമായ അവകാശത്തെ ലംഘിക്കുന്ന വിധിന്യായമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നു സഭ പ്രതികരിച്ചു. ശക്തമായി ഇതിനെ പ്രതിരോധിക്കുമെന്നും സഭ അറിയിച്ചിട്ടുണ്ട്.

വിധിക്കെതിരെ പ്രശസ്ത പാസ്റ്റര്‍ ലിഡ ഏരിയാസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടത്തിയാണ് പ്രതിഷേധം ശക്തമാക്കിയത്. പ്രാര്‍ത്ഥിക്കുക എന്ന മനുഷ്യന്റെ വ്യക്തിപരമായ അവകാശത്തെ ഒരു ജഡ്ജിക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കില്ലെയെന്ന് ലിഡ ഏരിയാസ് പറയുന്നു. വന്‍ ജനപങ്കാളിത്വമാണ് ഇത്തരം പ്രാര്‍ത്ഥന യോഗങ്ങള്‍ക്കു ലഭിക്കുന്നത്. വരും ദിവസങ്ങളിൽ വൻ പ്രാർത്ഥന സംഗമം നടത്താനാണ് തീരുമാനമെന്ന് ലിഡ അറിയിച്ചു.

കൊളംബിയന്‍ ഭരണഘടനയിലെ ആദ്യത്തെ ആര്‍ട്ടിക്കിള്‍ തന്നെ പൊതുയോഗങ്ങളും മീറ്റിംങ്ങുകളും ഓഫീസുകളുമെല്ലാം പ്രാര്‍ത്ഥനയോടെ വേണം ആരംഭിക്കുവാന്‍ എന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ ആര്‍ട്ടിക്കിള്‍ പിൻവലിച്ച് കൊണ്ടാണു വിചിത്രമായ തീരുമാനം ജഡ്ജി എടുത്തിരിക്കുന്നത്. കൊളംബിയയിലെ നഗരങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉറച്ച പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് ഇത്തരം ഒരു നിയമം 2007-ല്‍ കൊണ്ടുവന്നത്. പ്രാര്‍ത്ഥനയെ ഒരു വ്യാപകമായ സംസ്‌കാരം എന്ന നിലയില്‍ കാണുവാന്‍ സാധിക്കില്ലെന്നും ഇതിനാല്‍ തന്നെ നിയമസംവിധാനങ്ങള്‍ക്ക് ഇതിനു പ്രോത്സാഹനം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കുവാന്‍ സാധിക്കില്ലെന്നും ജഡ്ജിയുടെ വിധിയില്‍ പറയുന്നു.

സൗഹൃദവും സാഹോദര്യവും പങ്കിടുന്നതിനായി ഒരാളെ ആലിംഗനം ചെയ്യുവാന്‍ പോലും പാടില്ലെന്നു പറയുന്ന ജഡ്ജി, പരസ്യമായി നടത്തുന്ന ആലിംഗനങ്ങളും ഇനിമുതല്‍ അനുവദിക്കില്ലെന്നും തന്റെ വിധിന്യായത്തില്‍ പറയുന്നു.

കൊളംബിയന്‍ ജനത പരസ്പരം കാണുമ്പോള്‍ സ്‌നേഹം പങ്കുവയ്ക്കുന്നതു ആലിംഗനം നല്‍കിയാണ്. ബസ് സ്റ്റേഷനുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടാക്‌സി സ്റ്റാന്‍ഡിലും എന്തിനു പട്ടാള ക്യാമ്പുകളില്‍ പോലും ആളുകള്‍ ആലിംഗനം നല്‍കിയാണ് മറ്റൊരാളോടുള്ള സ്‌നേഹവും സാഹോദര്യവും പങ്കുവയ്ക്കുന്നത്. ഏറെ വിവാദമായിരിക്കുന്ന ജഡ്ജി അലിയാന്‍ഡ്രോ ബോണിലയുടെ ഈ വിധി രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

More Archives >>

Page 1 of 40