News - 2025
കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങുവാന്‍ വത്തിക്കാന്റെ അനുമതി നിര്‍ബന്ധം; കാനോന്‍ നിയമം വിശദമാക്കി കൊണ്ട് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 21-05-2016 - Saturday
വത്തിക്കാന്‍: രൂപതകള്‍ സമര്‍പ്പിതര്‍ക്കായി പുതിയ കോണ്‍ഗ്രിഗേഷനുകള്‍ തുടങ്ങുമ്പോള്‍ മാര്‍പാപ്പയില്‍ നിന്നും വ്യക്തമായ അനുമതി നേടിയിരിക്കണമെന്ന് വത്തിക്കാനില്‍ നിന്നും നിര്‍ദേശം. ഇതു സംബന്ധിക്കുന്ന കാനോന്‍ രേഖയിലെ വ്യക്തമായ വിശദീകരണം പരിശുദ്ധ പിതാവ് പൊത്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായ ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റയ്ക്കു നല്‍കി.തങ്ങളുടെ അധികാരത്തിന്‍ കീഴില്‍ ഒരു പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കണമെന്നു രൂപതകളുടെ മെത്രാന്‍മാര്‍ താല്‍പര്യപ്പെട്ടാല്‍ ഈ വിവരം വത്തിക്കാനില്‍ അറിയിക്കുകയും റോമില്‍ നിന്നുള്ള അനുമതി പ്രത്യേകമായി നേടുകയും ചെയ്യണമെന്ന്‍ കാനോന്‍ നിയമം വിശദീകരിച്ച് എഴുതിയ നല്‍കിയ രേഖയില്‍ പരിശുദ്ധ പിതാവ് വ്യക്തമാക്കി.
"ഒരു രൂപതയുടെ എല്ലാ ചുമതലകളും ബിഷപ്പില്‍ നിക്ഷിപ്തമായിരിക്കുന്നു. തന്റെ അധികാരത്തിന്‍ കീഴില്‍ ഒരു കോണ്‍ഗ്രിഗേഷന്‍ കൂടി ആരംഭിക്കണമെന്നു ബിഷപ്പിനു ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം ഇതു വത്തിക്കാനെ അറിയിക്കണം. വത്തിക്കാന്‍ ഇതു സംബന്ധിച്ച് പഠിച്ച ശേഷം വിവരങ്ങള്‍ അദ്ദേഹത്തെ അറിയിക്കും. പിന്നീട് വിഷയത്തില്‍ സ്വതന്ത്രമായ തീരുമാനം മെത്രാനു സ്വീകരിക്കാം. എന്നിരുന്നാലും വത്തിക്കാനില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും കണക്കിലെടുത്തുവേണം അദ്ദേഹം പ്രവര്‍ത്തിക്കുവാന്‍". പാപ്പ എഴുതി നല്‍കിയ കാനോന്‍ വിശദീകരണം വ്യക്തമാക്കിക്കൊണ്ട് ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ പറഞ്ഞു.
വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറിയാണ് കാനോന്‍ രേഖ വിശദീകരിച്ചു നല്‍കണമെന്ന അപേക്ഷ പരിശുദ്ധ പിതാവിന്റെ സമക്ഷം സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണു പിതാവ് കാനോന്‍ 579 സംബന്ധിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കി പേപ്പല്‍ റെസ്‌ക്രിപ്റ്റ് പുറപ്പെടുവിച്ചത്. കാനോനിക നിയമങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കുന്ന വിശദീകരണമാണ് പേപ്പല്‍ റെസ്‌ക്രിപ്. മാര്‍പാപ്പ പുറപ്പെടുവിക്കുന്ന പേപ്പല്‍ റെസ്‌ക്രിപ്പ്റ്റിനു പടിഞ്ഞാറന്‍ റോമന്‍ നിയമ സംവിധാനങ്ങളില്‍ ഏറ്റവും ഉന്നതമായ പദവിയാണുള്ളത്.