News - 2024

ഒര്‍ലാന്‍ഡോ കൂട്ടക്കൊല; ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നതായി മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 13-06-2016 - Monday

വത്തിക്കാന്‍: ഒര്‍ലാന്‍ഡോയില്‍ നടന്ന കൂട്ടക്കൊലയില്‍ മാര്‍പാപ്പ തന്റെ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. യുഎസിലെ ഫ്‌ളോറിഡായ്ക്കു സമീപമുള്ള ഒര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിശാക്ലബിലാണ് അക്രമി തോക്കുമായി എത്തിയ ശേഷം ആളുകളെ വെടിവച്ചു വീഴ്ത്തിയത്. അമ്പതു പേര്‍ മരിച്ച സംഭവം മാര്‍പാപ്പയെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തതായി വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വത്തിക്കാന്‍ പ്രസ് ഓഫീസിനു വേണ്ടി ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ഡിയാണ് മാര്‍പാപ്പയുടെ പ്രതികരണം അറിയിച്ചത്.

"നിരപരാധികളായ ആളുകളെ കൊന്നൊടുക്കിയ ഒര്‍ലാന്‍ഡോ കൂട്ടക്കൊലയില്‍ പരിശുദ്ധ പിതാവിനോടൊപ്പം ഞങ്ങളും ദുഃഖത്തിലാണ്. വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന തരത്തിലുള്ള നരഹത്യയാണ് നടന്നിരിക്കുന്നത്. സംഭവത്തില്‍ മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങളുടേയും, പരിക്കേറ്റവരുടേയും ദുഃഖത്തില്‍ പരിശുദ്ധ പിതാവും പങ്കു ചേരുന്നു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ സന്നിധിയില്‍ നിന്നും ആശ്വാസം അവര്‍ക്കു ലഭിക്കുമാറാകട്ടെ. ഇത്തരം സംഭവങ്ങള്‍ ഇനി മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ജനതയ്ക്കും ലോകം മുഴുവനും ശാന്തിയോടെ വസിക്കുവാന്‍ ഇടവരട്ടെ". വത്തിക്കാനില്‍ നിന്നും പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ തോക്കുധാരിയായ അക്രമി ക്ലബില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. നിശാക്ലബില്‍ നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. 53 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് കണക്ക്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും കരുതപ്പെടുന്നു.

More Archives >>

Page 1 of 48