News - 2024

മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിനം തിരുനാളായി ഉയര്‍ത്തിയ മാര്‍പാപ്പയുടെ നടപടി ഭാരത സഭ സ്വാഗതം ചെയ്തു

സ്വന്തം ലേഖകന്‍ 17-06-2016 - Friday

മുംബൈ: വിശുദ്ധ മഗ്ദലന മറിയത്തിന്റെ ഓര്‍മ്മദിനത്തെ തിരുനാളായി ഉയര്‍ത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടിക്ക് ഭാരത കത്തോലിക്ക സഭയില്‍ വന്‍ സ്വീകരണം. മികച്ച പ്രതികരണമാണ് പാപ്പയുടെ നടപടിയോട് സഭയുടെ വിവിധ കോണുകളില്‍ നിന്നും എത്തുന്നത്. ഭാരത സംസ്‌കാരത്തില്‍ മഗ്ദലന മറിയത്തെ 'ശിഷ്യ' എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്. ക്രിസ്തു തന്റെ പരസ്യജീവിതത്തില്‍ 12 ശിഷ്യന്‍മാരെയാണ് തെരഞ്ഞെടുത്തത്. മഗ്ദലനക്കാരത്തി മറിയയും കര്‍ത്താവിന്റെ പരസ്യ ശുശ്രുഷയുടെ ഒരു ഭാഗമായി മാറുകയും കര്‍ത്താവിന്റെ ശിഷ്യയാകുകയും ചെയ്തിരുന്നു എന്ന വസ്തുതയില്‍ നിന്നുമാണ് കര്‍ത്താവിന്റെ ശിഷ്യയായി മഗ്ദലനക്കാരത്തി മറിയയെ ഭാരത ക്രൈസ്തവര്‍ വിശേഷിപ്പിച്ചു പോരുന്നത്.

ഫ്രാന്‍സീഷ്യന്‍ ഫാമിലി കോണ്‍ഗ്രിഗേഷന്റെ ചുമതല വഹിക്കുന്ന ഫാദര്‍ നിത്യസഹായം മാര്‍പാപ്പയുടെ നടപടിയെ ഹൃദ്യമായി സ്വാഗതം ചെയ്തു. പാപം ചെയ്തു ദൈവത്തില്‍ നിന്നും അകന്ന ഒരു വ്യക്തിക്ക് തിരികെ ദൈവത്തിലേക്ക് ചേരുമ്പോള്‍ ലഭിക്കുന്ന കൃപകളും രൂപാന്തരവും ദൃശ്യമാക്കുന്നതാണ് മഗ്ദലനക്കാരത്തി മറിയയുടെ ജീവിതമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിശ്വസിക്കുന്നവരെ കേന്ദ്രീകരിച്ചു വളരുന്നതാണ് സഭയെന്നതിന്റെ ഒരു ഉത്തര ഉദാഹരണമായി പാപ്പയുടെ പുതിയ നടപടിയെ കാണുവാന്‍ സാധിക്കുമെന്നും ഫാദര്‍ നിത്യസഹായം പറയുന്നു. സഭ ലിംഗ സമത്വമെന്ന ആശയം ഉയര്‍ത്തിപിടിക്കുന്നുവെന്നതിന്റെ വലിയ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"വിശ്വാസ തീഷ്ണതയോടെ സഭയില്‍ സേവനം ചെയ്യുന്ന എല്ലാ വനിതകള്‍ക്കും ലഭിച്ച ഒരു അംഗീകാരം കൂടിയാണിത്. സുവിശേഷ ദൗത്യത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ത്രീകളാണ് ഇതു മൂലം മാനിക്കപ്പെടുന്നത്. സ്ത്രീകളുടെ സഭയിലെ പ്രവര്‍ത്തനം ഇടവക തലം മുതല്‍ കൂടുതല്‍ ശക്തമാകുവാന്‍ പരിശുദ്ധ പിതാവിന്റെ പുതിയ തീരുമാനം ഇടയാകട്ടെ എന്നും പ്രത്യാശിക്കുന്നു". ഫാദര്‍ നിത്യസഹായം പറയുന്നു.

സ്ത്രീകള്‍ക്ക് വലിയ മാനം സഭയില്‍ ലഭിക്കുന്ന നടപടിയാണ് മാര്‍പാപ്പയുടെ പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സിസ്റ്റര്‍ ജൂലി ജോര്‍ജ് അഭിപ്രായപ്പെട്ടു. സഭയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സാധിക്കുന്ന തലത്തിലേക്ക് വനിതകളെ ഉയര്‍ത്തുന്നതിനുള്ള ആദ്യ പടിയായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീവാണി എന്ന സംഘടനയുടെ അധ്യക്ഷനും അഭിഭാഷകനുമായ ജോര്‍ജും പാപ്പയുടെ പുതിയ നടപടിയെ സ്വാഗതം ചെയ്തു. പെസഹ ശുശ്രൂഷയില്‍ വനിതകളുടെ കാല്‍ കൂടി കഴുകണമെന്ന പാപ്പയുടെ തീരുമാനത്തെ അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പ്രമുഖ സാഹിത്യകാരനും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ജോണ്‍ ദയാലും പാപ്പയുടെ നടപടി സ്വീകര്യമാണെന്നും ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു.

കത്തോലിക്ക സഭയുടെ ഇന്ത്യയിലെ ശക്തികേന്ദ്രമായ കേരളത്തില്‍ 1544-ല്‍ തന്നെ മഗ്ദലന മറിയത്തിത്തിന്റെ നാമത്തിൽ പള്ളി നിര്‍മ്മിച്ചിരുന്നതായാണ് വിശ്വാസം. സെന്റ് ഫ്രാന്‍സിസ് സേവിയര്‍ നിര്‍മ്മിച്ച ഓലകൊണ്ടു മേഞ്ഞ പള്ളി പിന്നീട് മുക്കുവന്‍മാര്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന മഗ്ദലനമറിയത്തിന്റെ രൂപം കടല്‍ തിരമാലകൾ കൊണ്ടുപോയതായും പറയപ്പെടുന്നു.

More Archives >>

Page 1 of 50