News - 2024
ഭാരതത്തിലെ കത്തോലിക്ക റീത്തുകള്‍ കൂട്ടായ്മയുടെ ശരിയായ സാക്ഷ്യം നല്‍കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 17-06-2016 - Friday
വത്തിക്കാന്‍: ഭാരതത്തിലെ വിവിധ കത്തോലിക്ക റീത്തുകള്‍ കൂട്ടായ്മയുടെ ശരിയായ സാക്ഷ്യമാണ് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുനരൈക്യപ്പെട്ട സഭകളുടെ വിവിധ ഏജന്‍സികളുടെ യോഗത്തില്‍ സംസാരിക്കുമ്പോളാണ് പരിശുദ്ധ പിതാവ് ഭാരതത്തിലെ സഭയെ പ്രശംസിച്ചത്. ബത്‌ലഹേമിലെ അറ്റകുറ്റപണികള്‍ നടക്കുന്ന 'ചര്‍ച്ച് ഓഫ് നേറ്റിവിറ്റി'യുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് പാപ്പ ഭാരതത്തിലെ സഭയുടെ ഐക്യവും സാക്ഷ്യവും പ്രത്യേകം എടുത്തു പറഞ്ഞത്.
"ദേവാലയത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഏക ലക്ഷ്യം. അടിയുറച്ച് നാം ഒരുമയോടെ ഇതിനായി മുന്നോട്ട് നീങ്ങണം. ദൗതീകമായ കാര്യങ്ങളും യുദ്ധവും മറ്റു പല പ്രശ്‌നങ്ങളും പ്രകടമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പദ്ധതികള്‍ കൊണ്ടും നാം പുനരുത്ഥാരണ ശ്രമങ്ങളിൽ പങ്കാളികളാകണം. ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സഭയുടെ മുഖഛായ മാറ്റുന്നതിനു സഹായിക്കും. ഒരുമയുള്ള നമ്മുടെ നടപടികള്‍ ലോകത്തിനു മുന്നില്‍ ക്രിസ്തുവിന്റെ പിറവിയുടെ സാക്ഷ്യം നൽകുന്ന ദേവാലയം പ്രകാശമുള്ളതായി തീരുവാന്‍ സാഹായിക്കും". പാപ്പ പറഞ്ഞു. വിവിധ സഭാ വിഭാഗങ്ങള്‍ തമ്മില്‍ ഇസ്രായേലില്‍ പല വിഷയങ്ങളിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
"ആത്മീയ കാര്യങ്ങളില്‍ വേര്‍തിരിവില്ലാതെ ഐക്യമായി ഭാരതത്തിലെ വിവിധ റീത്തുകള്‍ നീങ്ങുന്നു. നമ്മുടെ മുന്‍ഗാമികളായിരുന്ന പാപ്പമാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. കിഴക്കന്‍ സഭയെന്നോ പടിഞ്ഞാറന്‍ സഭയെന്നോ വ്യത്യാസം അവര്‍ക്കിടയിലില്ല. ലോകത്തിനു മാതൃകയായി അവര്‍ രക്ഷകനും നാഥനുമായ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുന്നു. അടുത്ത തലമുറയും ഇതിനെ മാതൃകയാക്കട്ടെ". പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ആഗോള കത്തോലിക്ക സഭയുടെ മുന്നില്‍ ഭാരത സഭയുടെ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാട്ടിയ പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ വിശ്വാസികള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.