News - 2024
ചൈനയിലെ മുതിര്‍ന്ന കത്തോലിക്ക ബിഷപ്പ് കൂറുമാറി; സംശയം പ്രകടിപ്പിച്ച് കൊണ്ട് ഉന്നതവൃത്തങ്ങള്‍
സ്വന്തം ലേഖകന്‍ 18-06-2016 - Saturday
ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ഹായി പ്രവിശ്യയിലെ മുതിര്‍ന്ന കത്തോലിക്ക ബിഷപ്പ് വത്തിക്കാനുമായുള്ള ബന്ധത്തില്‍ നിന്നും നാടകീയമായി കൂറുമാറി. തന്റെ കൂറ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പാട്രീയോട്ടിക്ക് അസോസിയേഷനിലാണെന്ന് ബിഷപ്പ് തഥേവോസ് മാ-ഡ്വാക്വിനാണ് ബ്ലോഗിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. 2012-ല്‍ ഷാന്‍ഹായിലെ സെന്റ് ഇഗ്നാത്തിയോസ് കത്തീഡ്രലില്‍ വച്ചാണ് തഥേവോസിനെ ബിഷപ്പായി വാഴിച്ചത്. സര്‍ക്കാരുമായി നേരിട്ട് അഭിപ്രായ വ്യത്യസങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ബിഷപ്പ് അന്നു മുതല്‍ വീട്ടു തടങ്കലിലാണ്. പാട്രീയോട്ടിക്ക് അസോസിയേഷന്‍ സംഘടനയാണ് ചൈനയില്‍ ഔദ്യോഗികമായി കത്തോലിക്ക സഭയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു പ്രവര്‍ത്തിക്കുന്ന കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷന്‍ എന്ന ഈ സംഘടനയ്ക്ക് ചൈനയിലെ വിശ്വാസികളുടെ ഇടയില്‍ ഒരു സ്വാധീനവുമില്ലായിരിന്നു. വത്തിക്കാനില്‍ നിന്നുള്ള ഒരു അനുമതിയും ഇല്ലാതെയാണ് ചൈനയിലെ 12 മില്യണ്‍ കത്തോലിക്ക വിശ്വാസികളുടെ സംരക്ഷകരും ഭരണാധികാരികളും തങ്ങളാണെന്ന് കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷന്‍ വാദിക്കുന്നത്.
2013 ഏപ്രിലില്‍ ഷാന്‍ഹായി ബിഷപ്പായിരുന്ന ജിന്‍ ലൂക്‌സിയാന്‍ കാലം ചെയ്തപ്പോള്‍ ബിഷപ്പ് തഥേവോസിനു ചുമതലകള്‍ ഏറ്റെടുക്കുവാന്‍ അനുവാദം ലഭിച്ചിരുന്നില്ല. ഇതു കൂടാതെ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ക്ലാസുകളില്‍ പങ്കെടുക്കണമെന്ന പ്രത്യേക നിബന്ധനയും ബിഷപ്പ് തഥേവോസിന് നേരിടേണ്ടി വന്നിരുന്നു. സിപിഎ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷന്റെ സ്ഥാനങ്ങളില്‍ നിന്നും ബിഷപ്പ് മുമ്പ് തന്നെ രാജിവച്ചിരുന്നു. ഇതിനാല്‍ ചൈനീസ് കത്തോലിക്ക വിശ്വാസികളുടെ ഇടയിലെ ധീരനായ ബിഷപ്പായിട്ടാണ് തഥേവോസ് മാ-ഡ്വാക്വിന്‍ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ പുറത്തു വന്ന ബിഷപ്പിന്റെ ഔദ്യോഗിക ബ്ലോഗിലെ വിവരങ്ങളാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ബ്ലോഗില്‍ പറയുന്നത് ഇങ്ങനെയാണ്, 'പുറത്തു നിന്നുള്ള ശക്തികളുടെ സ്വാധീനത്തിനു വഴങ്ങി കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷനെ ഞാനും സംശയിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സിപിഎയില്‍ നിന്നും രാജിവച്ചതിനെ ഒരു മണ്ടന്‍ തീരുമാനമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. സിപിഎ പുറത്തുള്ള ആളുകള്‍ പറയുന്നതു പോലെയുള്ള ഒരു സംഘടനയല്ല. ചൈനയിലെ കത്തോലിക്ക സഭയുടെ വളര്‍ച്ചയ്ക്ക് സിപിഎ നല്‍കിയത് നിസ്തുലമായ സംഭാവനകളാണ്. സഭയെ രാഷ്ട്രീയമായും ആത്മീയമായും നയിക്കുവാന്‍ സിപിഎയ്ക്ക് കഴിയും. സാമൂഹിക മേഖലകളില്‍ സഭ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നല്ല പങ്കു വഹിക്കുവാന്‍ സിപിഎയ്ക്ക് സാധിക്കും'.
ബിഷപ്പിന്റെ നാടകീയമായ നിലപാട് മാറ്റത്തില്‍ വിശ്വാസികള്‍ അതിശയിച്ചിരിക്കുകയാണ്. 'അമേരിക്കന്‍' എന്ന മാസികയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ജറാള്‍ഡ് ഒകോണല്‍, ബിഷപ്പ് എഴുതിയ ബ്ലോഗില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പരുക്കന്‍ ഭാഷയില്‍ പുറത്തുവന്നിരിക്കുന്ന ബ്ലോഗ് ഒരു പക്ഷേ ബിഷപ്പിനെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതായിരിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ ഔദ്യോഗിക വക്താവും ബിഷപ്പിന്റെ ബ്ലോഗിലെ കാര്യങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.