News
സിറിയയില്‍ പാത്രീയാര്‍ക്കീസ് ബാവയ്ക്കു നേരെ ചാവേര്‍ ആക്രമണം: മൂന്നു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു;ബാവ സുരക്ഷിതന്‍
സ്വന്തം ലേഖകന്‍ 20-06-2016 - Monday
ദമാസ്‌കസ്: സുറിയാനി സഭകളുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രീയാര്‍ക്കീസ് ബാവ ജന്മനാട്ടില്‍ ചാവേര്‍ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ബാവയുടെ അംഗരക്ഷകരായ മൂന്നു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്മനാടായ ഖ്വാതിയിൽ 1915ലെ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരെ അനുസ്മരിക്കാൻ ചേർന്ന ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാർഥനയ്ക്കു നേതൃത്വം നൽകുകയായിരുന്നു പാത്രിയർക്കീസ് ബാവാ. ശരീരത്തിൽ ബോംബു ഘടിപ്പിച്ചെത്തിയ ചാവേറാണു ബാവയെ വധിക്കാൻ ശ്രമിച്ചത്. 'സോടോറോ' എന്നറിയപ്പെടുന്ന ക്രൈസ്തവരായ സുരക്ഷാ സൈന്യമാണ് ബാവയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. സംരക്ഷണസേന ചെറുത്തുനിന്നതുകൊണ്ടു ചാവേറിന് അടുത്തെത്താൻ കഴിഞ്ഞില്ല.
ലക്ഷ്യത്തിലെത്തും മുൻപു തന്നെ ചാവേർ പൊട്ടിത്തെറിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണത്തില്‍ ബാവയ്ക്ക് പരിക്കേറ്റിട്ടില്ലയെന്ന്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു സോടോറോ സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സൈന്യം അറിയിച്ചു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ഖ്വാമിഷിലി. ഐഎസ് തീവ്രവാദികള്‍ സ്ഥിരമായി ചാവേര്‍ ബോംബാക്രമണം നടത്തുന്ന പ്രദേശം കൂടിയായ ഖ്വാമിഷിലി കുര്‍ദുകള്‍ അധികമായുള്ള സ്ഥലമാണ്.
സര്‍ക്കാര്‍-കുര്‍ദ് സേനകള്‍ തമ്മിലും ഇവിടെ സംഘര്‍ഷം പതിവാണ്. സിറിയയിലെ ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും കത്തോലിക്ക സഭയുമാണ്. സിറിയയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേരും ക്രൈസ്തവരാണ്. അവിടുത്തെ ക്രൈസ്തവരുടെ ജനസംഖ്യ ഏകദേശം 1.2 മില്യണ് അടുത്ത് വരും.
2014 മേയ് 29നു 123–ാമത്തെ പാത്രിയർക്കീസായി സ്ഥാനമേറ്റ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിനു കേരള സന്ദർശിക്കുവാനായി എത്തിയിരുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്കു നേരെയുണ്ടായ ചാവേർ ആക്രമണത്തെ അപലപിക്കുന്നതായും ബാവയെ സ്നേഹിക്കുന്നവരുടെ ഉത്കണ്ഠയിലും ആശങ്കയിലും പങ്കുചേരുന്നെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.