News

വംശഹത്യക്കും അപ്പുറത്തുള്ള ക്രൂരതയാണ് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്നതെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 20-06-2016 - Monday

റോം: ലോകമെമ്പാടും ക്രൈസ്തവരെ കൊലപ്പെടുത്തുന്നതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വംശഹത്യ എന്ന വാക്കില്‍ ഒതുക്കി നിര്‍ത്തുവാന്‍ കഴിയാത്ത വിധം ക്രൈസ്തവര്‍ക്കു നേരെയുള്ള വധശ്രമങ്ങള്‍ ഉയരുകയാണെന്നും ഫ്രാന്‍സിസ് പാപ്പ റോമിലെ നസറേത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവേ പറഞ്ഞു. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും മാര്‍പാപ്പ വ്യക്തമായ ഉത്തരം നല്‍കി.

"പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമങ്ങളെ വംശഹത്യ എന്ന വാക്കില്‍ ഒതുക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അതിലും അപ്പുറമായാണ് ഈ രാജ്യങ്ങളില്‍ സംഭവിക്കുന്ന വസ്തുതകള്‍. ക്രൈസ്തവരായ വ്യക്തികളുടെ വിശ്വാസത്തിലുള്ള വിധേയത്വത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആക്രമണമായി വേണം ഇതിനെ കാണുവാന്‍". പാപ്പ പറഞ്ഞു.

ലിബിയന്‍ കടല്‍തീരത്ത് വച്ച് ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോള്‍ 'യേശുവേ രക്ഷിക്കേണമേ' എന്ന വാക്കുകള്‍ പറഞ്ഞ് വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായ കോപ്റ്റിക്ക് ക്രൈസ്തവരെ പാപ്പ തന്റെ മറുപടിയില്‍ പ്രത്യേകം പരാമര്‍ശിച്ചു. "ദൈവശാസ്ത്ര പണ്ഡിതന്‍മാരല്ലായിരുന്നുവെങ്കിലും വിശ്വാസത്തിന്റെ ഉത്തമ സാക്ഷികളായിരുന്നു അവര്‍. വീരോചിതമായിട്ടാണ് അവര്‍ ക്രിസ്തുവിനു വേണ്ടി തങ്ങളുടെ പ്രാണന്‍ വെടിഞ്ഞത്. ലിബിയയുടെ കടല്‍തീരത്ത് മരിച്ചു വീണ വിശ്വാസികള്‍ കാണിച്ചതു ധീരതയാണ്. പരിശുദ്ധാത്മാവാണ് അവര്‍ക്ക് ഈ ധീരത ദാനമായി നല്‍കിയത്". പാപ്പ പറഞ്ഞു.

ക്രൈസ്തവ രക്തസാക്ഷികള്‍ക്ക് ആവശ്യമായ രണ്ടു ഗുണങ്ങള്‍ ധീരതയും ദീര്‍ഘക്ഷമയുമാണെന്ന്‍ പൗലോസിന്റെ വാക്ക് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവരെന്ന അസ്ഥിത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് മുന്നോട്ട് പോകുവാനുള്ള ധൈര്യവും, നിത്യജീവിതത്തില്‍ നമ്മേ തേടിയെത്തുന്ന ഭാരങ്ങള്‍ ചുമന്നു മുന്നോട്ടു പോകുവാനുള്ള ധൈര്യവും നമ്മുക്ക് ആവശ്യമാണെന്നും പാപ്പ പറഞ്ഞു. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ മനസ്സ് കാണിക്കുന്നവര്‍ ഇപ്പോള്‍ തീരെ കുറഞ്ഞു വരികയാണെന്നും, അപകടകരമായ ഒരു പ്രവണതയാണിതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

അവികസിത രാജ്യങ്ങളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ്. സബ്‌സിഡി എന്ന സഹായത്തെ നോക്കി മുന്നോട്ട് ജീവിക്കുകയാണ് ഈ രാജ്യങ്ങളില്‍ പലരും. സബ്‌സിഡി രീതിയില്‍ ഇവര്‍ക്കു ലഭിക്കുന്ന സഹായം ജോലി ചെയ്യുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നും പലപ്പോഴും ഇവരെ പിന്നോട്ട് നയിക്കുകയാണെന്നും പാപ്പ പറഞ്ഞു. വിശുദ്ധനായ ഡോണ്‍ ബോസ്‌കോ ജോലിയിലൂടെ കാണിച്ചു തന്ന മാതൃകയും അദ്ദേഹം എടുത്ത് പറഞ്ഞു.

"ഒരു പ്രവര്‍ത്തിയും ചെയ്യാതെ വെറുതെ ഇരുന്നാല്‍ പാപം ചെയ്യുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനാല്‍ തന്നെ ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തികളും സാഹസികമായി ഏറ്റെടുക്കണം. ജീവിതത്തിലെ വെല്ലുവിളിയായി ഇതിനെ കണക്കാക്കണം. കൈയില്‍ അഴുക്ക് പറ്റിയാലോ എന്നു കരുതി നാം മാറി നില്‍ക്കരുത്" വിദ്യാര്‍ത്ഥികളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. 'പണം എന്ന ദൈവത്തെ' മാത്രം ചുറ്റിപറ്റിയാണ് നാം ഇന്നു ജീവിക്കുന്നതെന്ന് സാമ്പത്തിക വിഷയത്തിലേ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയുടെ ആമുഖത്തില്‍ പാപ്പ പറഞ്ഞു.

ആയുധ വ്യാപാരത്തിനു വേണ്ടിയും മറ്റു ചെലവഴിക്കപ്പെടുന്നത് എത്രയോ വലിയ തുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പലരും അഭയാര്‍ത്ഥികളായി മാറിയതും ആയുധങ്ങള്‍ മൂലമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സ്വാഗതം ചെയ്യുന്ന മനസുള്ള ക്രൈസ്തവരായിരക്കണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ അവസാന ചോദ്യത്തിനുള്ള പാപ്പയുടെ മറുപടി.

"അടഞ്ഞ വാതിലുകളും അടഞ്ഞ ഹൃദയങ്ങളും ഏറെയുള്ള സംസ്‌കാരത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഇത് എന്റേതാണ്, മറ്റുള്ളത് എന്റേതാണ് എന്ന വാക്കുകള്‍ എപ്പോഴും നാം പറയുന്നു. നമുക്ക് മറ്റൊരാളെ സ്വീകരിക്കുവാന്‍ എന്തോരു ഭയമാണ്. നാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന പുതിയ സംസ്‌കാരത്തിലേക്ക് വാതിലുകളെ തുറന്നിടണം". ഹൃദ്യമായ ഭാഷയില്‍ സഭയുടെയും ക്രൈസ്തവരുടെയും മനോഭാവം എന്താകണമെന്നു പരിശുദ്ധ പിതാവ് പുതുതലമുറയോട് വിശദീകരിച്ചു.

More Archives >>

Page 1 of 50