News - 2024
ഒക്ടോബര്‍ 16-ന് അഞ്ചു പേരെ കൂടി കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍ 21-06-2016 - Tuesday
വത്തിക്കാന്‍: വാഴ്ത്തപ്പെട്ട എലിസബത്ത് ട്രിനിറ്റി ഉള്‍പ്പെടെ അഞ്ചു പേരെ കൂടി വിശുദ്ധരായി ഉയര്‍ത്തുന്നതിനുള്ള തീയതി മാര്‍പാപ്പ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 16-ാം തീയതിയാണ് സഭ അഞ്ചു പേരെ കൂടി വിശുദ്ധരായി ഉയര്‍ത്തുന്നത്. ഇതില്‍ വാഴ്ത്തപ്പെട്ട എലിസബത്ത് ഒഴികെ മറ്റു നാലു പേരും പുരുഷന്‍മാരാണ്. വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള സമിതിയിലെ അംഗങ്ങളും കര്‍ദിനാളുമാരും പങ്കെടുത്ത യോഗത്തിലാണ് മാര്‍പാപ്പ തീയതി പ്രഖ്യാപിച്ചത്. ഇതോടെ ഈ അഞ്ചു പേരെയും വിശുദ്ധരായി ഉയര്‍ത്തുന്നതിനുള്ള നീണ്ട നടപടി ക്രമങ്ങള്‍ അവസാനിച്ചു. ഇനി പ്രഖ്യാപനം മാത്രം നടത്തിയാല്‍ മതിയാകും.
ഫ്രഞ്ച് കര്‍മ്മലൈറ്റ് സന്യാസിനിയായിരുന്ന വാഴ്ത്തപ്പെട്ട എലിസബത്ത് നല്ലൊരു ചിന്തകയും എഴുത്തുകാരിയും ആയിരുന്നു. ദിവ്യകാരുണ്യത്തിനോടുള്ള അതീവഭക്തിയിലൂടെ പ്രശസ്തനായ സ്‌പെയിനില്‍ നിന്നുള്ള ബിഷപ്പ് മാനുവേല്‍ ഗോണ്‍സാലസ് ഗാര്‍സിയ, പാരീസിലെ സെപ്റ്റംബര്‍ കൂട്ടക്കൊലയില്‍ രക്തസാക്ഷിയായ ഗുലൈമി നിക്കോളാസ് ലൂയിസ് ലെക്‌ലര്‍ക്ക്, ഇറ്റാലിയന്‍ വൈദികനും മേരി ഇമാക്യുലേറ്റ് സഭയുടെ സ്ഥാപകനുമായ ലഡോവിക്കോ പവോനി, ബാപ്റ്റിസ്റ്റൈന്‍ സിസ്റ്റേഴ്‌സ് ഓഫ് നസറീന്‍ സ്ഥാപകനും വൈദികനുമായ അല്‍ഫോണ്‍സോ മരിയ ഫൂസ്‌കോ എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റ് വിശുദ്ധര്‍.
കര്‍ദിനാള്‍ തിരുസംഘത്തിലെ ചിലര്‍ക്കുള്ള സ്ഥാനകയറ്റവും മാര്‍പാപ്പ യോഗത്തില്‍ പ്രഖ്യാപിച്ചു. കര്‍ദിനാള്‍ ഡീക്കന്‍ പദവിയിലുള്ള നാലു പേരെ കര്‍ദിനാള്‍ പ്രീസ്റ്റ് എന്ന പദവിയിലേക്ക് പാപ്പ ഉയര്‍ത്തി. കര്‍ദിനാളുമാര്‍ക്ക് മൂന്നു തരം സ്ഥാനങ്ങള്‍ സഭയില്‍ നല്‍കപ്പെട്ടിട്ടുണ്ട്. കര്‍ദിനാള്‍ ഡീക്കന്‍, കര്‍ദിനാള്‍ പ്രീസ്റ്റ്, കര്‍ദിനാള്‍ ബിഷപ്പ് എന്നിവയാണ് ഈ മൂന്നു കര്‍ദിനാള്‍ സ്ഥാനങ്ങള്‍. കര്‍ദിനാള്‍ പദവിയില്‍ എത്തിയ ശേഷമുള്ള കാലം കണക്കാക്കിയാണ് ഈ സ്ഥാനം നിര്‍ണയിക്കപ്പെടുന്നത്. 10 വര്‍ഷം കര്‍ദിനാളായി സേവനം ചെയ്യുമ്പോള്‍ ഒരു സ്ഥാനത്തില്‍ നിന്നും മറ്റൊന്നിലേക്ക് ഉയര്‍ത്തപ്പെടുകയാണ് പതിവ്. കര്‍ദിനാളുമാരായ ഫ്രാങ്ക് റോഡ്, ആന്‍ഡ്രിയ കൊര്‍ഡീറോ ഡീ മോണ്ടിസിമോളോ, വില്യം ലിവാഡേ, ആല്‍ബര്‍ട്ട് വാന്‍ഹോയി എന്നിവര്‍ക്കാണ് ഇത്തവണ കര്‍ദിനാള്‍ പ്രീസ്റ്റ് എന്ന സ്ഥാന കയറ്റം മാര്‍പാപ്പ നല്‍കിയിരിക്കുന്നത്.