News - 2024

യുഎന്‍ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കുവാന്‍ ശ്രമം

സ്വന്തം ലേഖകന്‍ 20-06-2016 - Monday

ഡബ്ലിന്‍: യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ പരാമര്‍ശത്തിന്റെ പിന്‍ബലത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള നിയമത്തില്‍ ഇളവുകള്‍ വരുത്തുവാന്‍ അയര്‍ലണ്ടില്‍ ശ്രമങ്ങള്‍ വ്യാപകമായി. സ്ത്രീകളോടുള്ള അയര്‍ലണ്ടിലെ നിയമങ്ങള്‍ ക്രൂരമാണെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ പരാമര്‍ശം വന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവുകള്‍ വരുത്തുവാന്‍ അധികാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങളോ മാരക രോഗങ്ങളോ ഉണ്ടെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം നല്‍കണമെന്നതാണ് യുഎന്‍ പറയുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ ഇപ്പോഴത്തെ നിയമ പ്രകാരം അമ്മയുടെ ജീവനു ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്തുവാന്‍ അനുമതിയുള്ളൂ.

എന്നാല്‍ യുഎന്നിന്റെ പരാമര്‍ശം നിര്‍ബന്ധമായും കണക്കിലെടുക്കേണ്ട ഒന്നല്ലെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. 1983-ലെ ഭേദഗതിയോടെ 'ജനിക്കാത്തവര്‍ക്കും ജീവിക്കുവാനുള്ള അവകാശം' അയര്‍ലണ്ട് ഭരണഘടന നല്‍കുന്നുണ്ട്. അമ്മയുടെ ജീവന്‍ സംരക്ഷിച്ചു കൊണ്ടു തന്നെ ഇതു ചെയ്യണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അതായത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രാജ്യം വില കല്‍പ്പിക്കുകയും തുല്യമായ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. 2011-ല്‍ നടന്ന ഒരു പ്രത്യേക കേസിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

അമന്റാ മെലറ്റ് എന്ന അയര്‍ലണ്ടു വനിത ഗര്‍ഭിണിയായ ശേഷം നടത്തിയ പരിശോധനയില്‍ കുഞ്ഞിനു ചില വൈകല്യങ്ങള്‍ ഉണ്ടെന്നു കണ്ടു. എന്നാല്‍ വൈകല്യമുള്ള കുട്ടികളെ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുവാന്‍ അയര്‍ലണ്ടില്‍ സാധ്യമല്ലാത്തതിനാല്‍ മെലറ്റ് വിമാനമാര്‍ഗം യുകെയില്‍ എത്തുകയും അവിടെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. അയര്‍ലണ്ടിനു പുറത്ത് പോയി ചികിത്സ നടത്തിയതിനാല്‍ ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലായിരിന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഉന്നയിച്ച പരാതിയാണ് യുഎന്നിന്റെ പുതിയ പരാമര്‍ശത്തിനു കാരണം.

ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റെ ജീവനും വിലകല്‍പ്പിക്കുന്ന എട്ടാം ഭരണഘടനയിലെ ഭേദഗതികള്‍ ചെന്നെത്തുക, ഗര്‍ഭഛിദ്രം തടസം കൂടാതെ നടത്താമെന്ന സാഹചര്യത്തിലേക്കായിരിക്കും. ഈ മാസം അവസാനം ഇതു സംബന്ധിച്ച് ഒരു വോട്ടെടുപ്പ് നടത്തുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭ തീരുമാനിച്ചിരിക്കുകയാണ്. കത്തോലിക്ക സഭ വിശ്വാസികള്‍ ഏറെയുള്ള അയര്‍ലണ്ടില്‍ ആദ്യമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത് തന്നെ 2013-ലാണ്. ഇതിന്റെ ചുവട് പിടിച്ച് 'ജീവനെ നിഷേധിക്കുന്നവര്‍' കൂടുതല്‍ ശക്തമായ വാദങ്ങളോടെ പുതിയ നിയമനിര്‍മ്മാണത്തിനു വേണ്ടി തയ്യാറെടുക്കുകയാണ്.

More Archives >>

Page 1 of 50