News - 2024

ക്രൈസ്തവരും മുസ്ലീങ്ങളും മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണമെന്നതാണ് ദൈവഹിതം: കര്‍ദിനാള്‍ ജിയാന്‍ ലൂയിസ്

സ്വന്തം ലേഖകന്‍ 21-06-2016 - Tuesday

വത്തിക്കാന്‍: മറ്റുള്ളവരോട് കരുണയുള്ളവരും, കരുതലുള്ളവരും, ക്ഷമിക്കുന്നവരുമായി ക്രൈസ്തവരും മുസ്ലീങ്ങളും തീരണമെന്നതാണ് ദൈവത്തിന്റെ താല്‍പര്യമെന്ന് കര്‍ദിനാള്‍ ജിയാന്‍ ലൂയിസ് ടുറാന്‍. റംസാന്‍ നോമ്പ് ആചരിക്കുന്ന മുസ്ലീം സഹോദരങ്ങളോടുള്ള തന്റെ പ്രത്യേക ആശംസ സന്ദേശത്തിലാണ് കര്‍ദിനാള്‍ ഇങ്ങനെ പറഞ്ഞത്. മതങ്ങള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു വേണ്ടി നിലകൊള്ളുന്ന വത്തിക്കാന്‍ സമിതിയുടെ പ്രസിഡന്റാണ് കര്‍ദിനാള്‍ ജിയാന്‍ ലൂയിസ് ടുറാന്‍. മുസ്ലീം മതവിശ്വാസികള്‍ നോമ്പു പൂര്‍ത്തിയാക്കി ജൂലൈ ആദ്യവാരം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുവാനിരിക്കെയാണ് തന്റെ ആശംസ സന്ദേശം കര്‍ദിനാള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

"ക്രൈസ്തവരും മുസ്ലീങ്ങളും: ദൈവത്തിന്റെ കരുണയുടെ ഗുണഭോക്താക്കളും ഉപകരണങ്ങളും" എന്ന ശീര്‍ഷകത്തോടെയാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. "ക്രൈസ്തവരും മുസ്ലീങ്ങളുമായി ദൈവം നമ്മേ വിളിച്ചിരിക്കുന്നത് തന്നെ ദൈവത്തിനെ മാതൃകയാക്കി ജീവിക്കുവാനാണ്. കരുണയുള്ളവനായ ദൈവം നാമും കരുണയുള്ളവരായി തീരണമെന്ന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് കരുണ ആവശ്യമായിരിക്കുന്ന ജനവിഭാഗത്തോട് നാം ഇതു കാണിക്കേണ്ടതുണ്ട്. പരസ്പരം ക്ഷമിക്കുവാനും ഉള്‍ക്കൊള്ളുവാനും നമുക്ക് സാധിക്കണം. ദൈവത്തിന്റെ കല്‍പ്പനകളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനവിഭാഗമാണ് നമ്മള്‍ ഇരു കൂട്ടരും. ഇതിനാല്‍ തന്നെ ദൈവത്തിന്റെ ഉത്തമ സാക്ഷികളായി ജീവിക്കുവാനും നമുക്ക് കഴിയണം" സന്ദേശത്തില്‍ കര്‍ദിനാള്‍ കുറിക്കുന്നു.

അക്രമവും അരാചകത്വവും അഴിഞ്ഞാടുന്ന ലോകത്തില്‍ ക്ലേശപൂര്‍ണ്ണമായ ജീവിതമാണ് വലിയ ഒരു ജനവിഭാഗം നയിക്കുന്നതെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായംചെന്നവരുമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവര്‍. പ്രകൃതി ദുരന്തവും മനുഷ്യകടത്തും രോഗവും തൊഴിലില്ലായ്മയും വലിയ ഒരു വിഭാഗത്തെ ക്ലേശത്തില്‍ ആഴ്ത്തിയിരിക്കുന്നു. ഇതിനെതിരെ ക്രൈസ്തവരും മുസ്ലീങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇവരുടെ കണ്ണിരൊപ്പുവാന്‍ ശ്രമിക്കണമെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ കൂട്ടിചേര്‍ത്തു. ആളുകള്‍ക്ക് പ്രയോജനകരമായി രീതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള കൃപ ദൈവം നമ്മുക്ക് നല്‍കട്ടെ എന്ന ആശംസയോടെയാണ് ആശംസ കുറിപ്പ് അവസാനിക്കുന്നത്.

More Archives >>

Page 1 of 51